Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്നും ചാൻസലർ പിന്മാറണം -ശാസ്ത്ര സാഹിത്യ പരിഷത്ത്

text_fields
bookmark_border
arif muhammed khan 89056
cancel

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ ഒൻപത് വൈസ് ചാൻസലർമാരോട് രാജിവെക്കാനുള്ള ചാൻസലറുടെ നിർദ്ദേശം ഉന്നത വിദ്യാഭ്യാസമേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രമേയം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ചാൻസലർ സ്വീകരിക്കുന്ന ഏറ്റുമുട്ടൽ സമീപനത്തിന്റെ തുടർച്ചയാണിത്.

വൈസ് ചാൻസലന്മാരുടെ പ്രവർത്തനത്തിലൂടെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളം പല കാര്യങ്ങളിലും അഖിലേന്ത്യാതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ പ്രധാനകാരണം കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയാണ്. ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാകുന്ന സാഹചര്യം ഇന്ന് നിലവിൽ ഉണ്ട്. ഇത് കേരള പുരോഗതിയെ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ കേരളത്തിൻറെ സാമൂഹ്യ വികാസത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചാൻസലറുടെ പ്രവർത്തനം എന്ന് കരുതിയാൽ തെറ്റു പറയാനാവില്ല. ഇത്തരം അരാജക പ്രവണതകൾ ഭരണാധിപന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ കേരള ജനത ഒറ്റ ക്കെട്ടായി നിൽക്കണമെന്ന് പരിഷത്ത് ആഹ്വാനം ചെയ്തു.

അന്ധവിശ്വാസചൂഷണ നിരോധനനിയമം പാസ്സാക്കി സമഗ്രമായി നടപ്പിലാക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

ജീവിത ഗുണതയിലും വിദ്യാഭ്യാസ കാര്യത്തിലുമെല്ലാം വളരെ ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാൾക്കുനാൾ കേരളത്തിൽ വർദ്ധിച്ച് വരുന്നു എന്ന് മാത്രമല്ല അതിൻ്റെ പേരിൽ ചൂഷണവും തട്ടിപ്പും വ്യാപകമാകുകയും ഭീതിജനകവും ക്രൂരവുമായ മനുഷ്യക്കുരുതി വരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. തികച്ചും അവിശ്വസനീയമായ കാര്യങ്ങൾ പോലും നടത്താൻ അന്ധവിശ്വാസവും മന്ത്രവാദങ്ങളുമൊക്കെ സഹായിക്കും എന്ന് ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിച്ച് അതിൻ്റെ പിന്നാലേ പാഞ്ഞ് പിറകോട്ടോടുന്ന വിദ്യാസമ്പന്നരുടെ നാടായി കേരളം മാറുകയാണ്. ജിവിതത്തിൽ സൗഭാഗ്യങ്ങൾ നേടാൻ നരബലി നടത്താൻ പോലും തയ്യാറാകുന്ന പ്രത്യേക മാനസികാവസ്ഥയിലാണ് കേരളം ഇന്ന് ജീവിക്കുന്നത്.

അരാഷ്ട്രീയതയുടെ കടന്നുകയറ്റം രൂപപ്പെടുത്തിയ അരക്ഷിതബോധമാണ് ആൾദൈവങ്ങളിലും അന്ധവിശ്വാസങ്ങളി ലും അഭയം പ്രാപിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. അന്ധവിശ്വാസവും അരക്ഷിതബോധവും ഒത്തുചേരുമ്പോൾ ഉയർച്ചയ്ക്ക് വേണ്ടി വിശ്വാസത്തിന്റെ പേരിൽ എന്തു തരം ക്രൂരതയും ചെയ്യാൻ ഒരു മടിയുമില്ലാത്ത അവസ്ഥയും നിലനിൽക്കുന്നു. ഇലന്തൂർ സംഭവം അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

നവോത്ഥാന മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമൊക്കെ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന കേരളത്തിലാണ് ജാതിയുടെയും മതത്തിൻ്റെയും മറപറ്റി വളർന്ന് പന്തലിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ കോട്ടകൾ തീർത്ത് കൊണ്ടിരിക്കുന്നത്. അതിന് കാവലിരിക്കുന്ന വിദ്യാസമ്പന്നവും പരിഷ്കൃതവുമായ സമൂഹമാണ് നമ്മുടേത് എന്നത് ലജ്ജിപ്പിക്കുന്ന ഒന്നാണ് താനും.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കെട്ട് കഥകൾക്കും ഒക്കെ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ ഔപചാരികമായി തന്നെ വലിയ പരിശ്രമം നടന്നുകൊണ്ടിരിക്കുന്ന ഒരു ദേശീയ സാഹചര്യമാണ് നിലവിലുള്ളത്.

ശാസ്ത്ര ബോധ പ്രചാരണം ശക്തിപ്പെടുത്തിക്കൊണ്ടും അന്ധവിശ്വാസ പ്രചാരകരെ തുറന്ന് കാട്ടിക്കൊണ്ടും കുറ്റകൃത്യങ്ങൾ തടയുന്നതിന് അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടും വിവിധ തലങ്ങളിൽ ശക്തമായ ജനകീയ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ടും മുന്നോട്ട് പോകേണ്ട കാലമാണിത്. ഇതിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ 2014ൽ തന്നെ ഒരു ജനകീയ കാമ്പയിൻ നടത്തുകയുണ്ടായി. അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിൻ്റെ കരട് തയ്യാറാക്കി സർക്കാർ മുൻപാകെ സമർപ്പിക്കുകയുണ്ടായി. നിയമസഭാ സാമാജികർക്ക് ആയതിൻ്റെ പകർപ്പ് നൽകുകയും വ്യാപകമായ ജനകീയ കാമ്പയിൻ വഴി ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി നിവേദനം സർക്കാരിന് നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ബിൽ തയ്യാറാക്കി നിയമസഭയിൽ അവതരിപ്പിച്ചുവെങ്കിലും തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിട്ടില്ല. 2017ൽ വീണ്ടും ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് മുൻപാകെ നിവേദനം നൽകുകയുമുണ്ടായി.

മഹാരാഷ്ട്രയിലും കർണ്ണാടകയിലും ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. എന്നിട്ടും കേരളത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ഗൗരവമായി നടക്കുന്നില്ലായെന്നത് ഖേദകരമാണ്.

കേരളീയ മനസ്സിനെ യുക്തിരഹിതമാക്കുന്ന, ചിന്താശൂന്യതയുണ്ടാക്കുന്ന അതുവഴി പ്രതിരോധ ശക്തിയെ തന്നെ ഇല്ലാതാക്കുന്ന ബോധപൂർവമായ പ്രവർത്തനങ്ങൾക്കെതിരെ ശാസ്ത്രബോധത്തെ സാമൂഹ്യബോധമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ കരുത്തോടെ ഏറ്റെടുക്കുകയാണ് വേണ്ടത്. അതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം കേരള നിയമസഭ അടിയന്തിരമായി ചർച്ച ചെയ്ത് പാസ്സാക്കുകയും നടപ്പിലാക്കുകയുമാണ് ചെയ്യേണ്ടത്.

സ്കൂൾ കുട്ടികളുടെ പഠനത്തിൻ്റെ ഭാഗമായി ശാസ്ത്രീയ ചിന്തയും യുക്തിബോധവും വളർത്തിയെടുക്കുകയെന്നതും പ്രധാനമാണ്. ഒപ്പം പൊതു സമൂഹത്തെ ശാസ്ത്രത്തിൻ്റെ കരുത്തുറ്റ ആയുധമണിയിക്കുകയും വേണം. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിൻ്റെ നിർമ്മിതിക്ക് മുഴുവൻ പുരോഗമന പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തയ്യാറാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.

അതിനാൽ ഇപ്പോൾ സർക്കാരിൻ്റെ ആലോചനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം ഉടൻ പാസ്സാക്കണമെന്നും ശാസ്ത്രീയ ചിന്തയും യുക്തിബോധവും കുട്ടികളിൽ രൂപീകരിക്കുന്നതിന് പാഠ്യക്രമത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തക ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒപ്പം ശാസ്ത്രബോധത്തെ പൊതുബോധമാക്കി മാറ്റാനുള്ള ശ്രമത്തിൽ മുഴുവൻ പുരോഗമന പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് നേതൃത്വം നൽകണമെന്ന് സംഘടനകളോടും പൊതു സമൂഹത്തോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Sasthra Sahithya ParishadksspChancellor
News Summary - Chancellor trying to create chaos in higher education institutions - Kerala Sasthra Sahithya Parishad
Next Story