ചാമ്പ്യൻസ് ബോട്ട് ലീഗ്; പിറവം വള്ളംകളി 30 ന്
text_fieldsകൊച്ചി: പിറവത്തെ ആവേശത്തിരയിലേക്കുയർത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വള്ളംകളി സെപ്തംബർ 30 ന് നടക്കും. ഉച്ചക്ക് ഒന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വള്ളംകളി സംഘാടവുമായി ബന്ധപ്പെട്ട അവലോകന യോഗം പിറവം നഗരസഭാ കൗൺസിൽ ഹാളിൽ അനൂപ് ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു.
മത്സരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. ഉച്ചക്ക് 1.30 ന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരം ആരംഭിക്കുക. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരവും ഇതോടൊപ്പം നടത്താനാണ് തീരുമാനം. രണ്ട് മത്സരങ്ങളും ഇടകലർത്തി കലാ സംസ്കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് നടത്തുക. മത്സരം വൻ വിജയമാക്കിത്തീർക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.
സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചക്ക് 1.30 നാണ് നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന് പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. തുടർന്ന് കലാപരിപാടികൾക്ക് ശേഷം വൈകീട്ട് 4.15ന് പ്രാദേശിക വള്ളങ്ങളുടെ ഫൈനൽ മത്സരവും വൈകീട്ട് 4.30ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകീട്ട് 4.45ന് നടക്കുന്ന സമ്മാനദാനത്തോടെയാണ് പിറവം വള്ളംകളി അവസാനിക്കുക.
ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, ചുണ്ടൻ വള്ളങ്ങളായ യുണൈറ്റഡ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ, കെ.ബി.സി എസ്.എഫ്.ബി.സി ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് പാണ്ടി, കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന ദേവാസ്, വേമ്പനാട് ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ തുടങ്ങിയവയാണ് സി.ബി.എല്ലിൽ പിറവം പുഴയിലെ ജല രാജാവാകാൻ ഇറങ്ങുന്നത്. ഒഴുക്കിനെതിരെ നടക്കുന്ന അപൂർവം വള്ളംകളികളിൽ ഒന്നാണ് പിറവത്തേത്.
ഇ.എം.എസ്. മെമ്മോറിയൽ ട്രോഫി, കെ. കരുണാകരൻ മെമ്മോറിയൽ ട്രോഫി, ടി.എം. ജേക്കബ് മെമ്മോറിയൽ ട്രോഫി, ഉമാദേവി അന്തർജനം മെമ്മോറിയൽ ട്രോഫി എന്നിവക്ക് വേണ്ടിയാണ് പ്രാദേശിക വള്ളംകളി നടത്തുന്നത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് ജോസഫ്, വലിയ പണ്ഡിതൻ, ശ്രീമുത്തപ്പൻ, ഡാനിയേൽ, സെന്റ് ആന്റണി, വെണ്ണക്കലമ്മ, ശരവണൻ എന്നിവയാണ് മത്സരിക്കുന്നത്.
കാണികളെ ആകർഷിക്കാനും കാഴ്ചക്കാരെ ആവേശത്തിലാക്കാനും മത്സരങ്ങൾ കര തിരിച്ച് നടത്താനാണ് തീരുമാനം. പിറവം നഗരസഭയിലെ 27 വാർഡുകളെയും ഒൻപത് കരകളാക്കി തിരിച്ച് ഒന്ന് വീതം ചുണ്ടൻ വള്ളങ്ങളെയും ഇരുട്ടുകുത്തി വളളങ്ങളെയും കരക്കാർക്ക് പ്രതീകാത്മകായി ഏൽപ്പിച്ച് നൽകിയിട്ടുണ്ട്. പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്.
നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, ടൂറിസം വകുപ്പ് ഉപ ഡയറക്ടർ സത്യജിത് ശങ്കർ, നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ, കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

