ചാലിയത്തെ നിർദേശ് യഥാർഥ്യമാകുമോ?
text_fieldsബേപ്പൂർ: മലബാറിെൻറ വികസന സ്വപ്നത്തിന് കുതിപ്പേകുന്ന ഏഷ്യയിലെ ആദ്യത്തേതും ലോകത്തെ അഞ്ചാമത്തേതുമായ യുദ്ധക്കപ്പൽ രൂപകൽപന കേന്ദ്രം ചാലിയത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ ഇന്നും അകലെ. നാഷനൽ ഇൻസ്റ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് ആൻഡ് ഡിഫെൻസ് ഷിപ് ബിൽഡിങ് (നിർദേശ്) പൂർണതയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കാര്യക്ഷമമായ ഇടപെടൽ കൂടിയേ തീരൂ.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖത്തിന് എതിർവശവും ചാലിയാറും -അറബിക്കടലും സംഗമിക്കുന്ന കടലുണ്ടി പഞ്ചായത്തിലെ ചാലിയത്താണ് കേന്ദ്ര പ്രതിരോധ മന്ത്രാലയവും സംസ്ഥാന വ്യവസായവകുപ്പും സംയുക്തമായി പദ്ധതി ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ മാസഗോൺ ഡോക്ക് കമ്പനിയാണ് നേതൃത്വം നൽകുന്നത്. ഇതിനായുള്ള കെട്ടിടങ്ങൾ സജ്ജമായെങ്കിലും പദ്ധതി രൂപകൽപനക്കായി വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് പദ്ധതി ഇഴയാനുള്ള പ്രധാന കാരണം.
രൂപകൽപനാ ഡിസൈനർ, നേവൽ ആർക്കിടെക്ട്, ഡാറ്റാ എക്സ്പോർട്ട്, ട്രെയിനിങ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ തുടങ്ങി തസ്തികളിലുള്ള നിയമനത്തിനായി പ്രതിരോധ മന്ത്രാലയത്തിന് അയക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. സംസ്ഥാന സർക്കാറിെൻറ കൈവശമുള്ള 40.52 ഏക്കർ ഭൂമിയിലാണ് കേന്ദ്രം ആരംഭിക്കുന്നത്. യുദ്ധക്കപ്പൽ രൂപഘടന, യന്ത്ര സംവിധാനങ്ങൾ, ആയുധങ്ങൾ, സെൻസറുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി രാജ്യത്തെ പ്രതിരോധ നാവിക കപ്പൽ നിർമാണശാലകളിലെയും കൊച്ചിൻ ഷിപ്പ് യാർഡിലെയും ഇരുപത്തിയഞ്ചോളം യുവ എൻജിനീയർമാർക്ക് മാസഗോൺ ഡോക്കിെൻറ നേതൃത്വത്തിൽ,‘നിർദേശ്’ പദ്ധതി പ്രദേശത്ത് നവീകരിച്ച കെട്ടിടത്തിൽ പരിശീലനം നൽകിയിരുന്നു.
എന്നാൽ, ലക്ഷങ്ങൾ മുടക്കി പരിശീലനവും മറ്റ് അനുബന്ധ നടപടികളുമായി മുന്നോട്ട് പോയെങ്കിലും തുടർനടപടികൾ സ്വീകരിക്കാത്തതാണ് ലക്ഷങ്ങൾ മുടക്കി ആരംഭിച്ച പരിശീലനവും മറ്റും എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്നത്. പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫിസർ, ക്ലർക്ക് എന്നിവർ മാത്രമാണ് ഇപ്പോൾ സ്ഥാപനത്തിലുള്ളത്.
ഇതിനിടെ യു.പി.എ സർക്കാർ കേരളത്തിന് അനുവദിച്ച ചാലിയത്തെ ഈ പദ്ധതി ധനമന്ത്രാലയത്തിെൻറ എതിർപ്പിനെ തുടർന്ന് പിൻവലിച്ചുവെന്ന വാർത്തയും വന്നിരുന്നു. എന്നാൽ, അത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് എം.കെ. രാഘവൻ എം.പി അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രിയുടെ ശിപാർശയോടെ പദ്ധതി ധനമന്ത്രാലയത്തിെൻറ അംഗീകാരത്തിനുവേണ്ടി സമർപ്പിച്ചിരിക്കയാണ്.
എത്രയും വേഗത്തിൽ റിപ്പോർട്ട് ക്യാബിനറ്റിൽ സമർപ്പിക്കുവാൻ ധനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. 2011 ജനുവരി നാലിനാണ് ചാലിയത്ത് പ്രതിരോധമന്ത്രി എ.കെ ആൻറണി പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
