ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും
text_fieldsതിരുവനന്തപുരം: ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അടിച്ചിൽ തൊട്ടി മേഖലയിലെ തമ്പാൻ്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ഇന്ന് ( ഏപ്രിൽ 15) തന്നെ കൈമാറും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും കലക്ടർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ കലക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. സംഭവം നടന്ന ഉടൻതന്നെ കലക്ടർ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികൾ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചിരുന്നു.
നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് യോഗം വിളിച്ചു ചേർക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെൻസിങ് എന്നിവയുടെ നിർമ്മാണം വേഗം നടപ്പിലാക്കുവാൻ വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ പരിഗണനയിൽ വരേണ്ട വിഷയങ്ങൾ കാലതാമസം കൂടാതെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.