ചാലക്കുടി കൊലപാതകം: പാസ്പോർട്ട് പിടിച്ചെടുത്തു
text_fieldsതൃശൂർ: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിെൻറ കൊലപാതകം ആസൂത്രണം ചെയ്തവരിൽ മുഖ്യനായ അങ്കമാലി സ്വദേശി ചക്കര ജോണി തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ്. ഇയാളുടെ മൊബൈൽ ഫോൺ സിഗ്നൽ കോയമ്പത്തൂരിന് സമീപമാണ് ഒടുവിൽ രേഖപ്പെടുത്തിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് കരുതുന്നത്. ഇതേതുടർന്ന് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കും. കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റ് നാല് പ്രതികളെയും കുന്നംകുളം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോണിയെ പിടികിട്ടിയാലേ കേസിെൻറ നിർണായക വിവരങ്ങൾ ലഭ്യമാവൂ എന്നതിനാൽ ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അങ്കമാലിയിലെയും കൊച്ചിയിലെയും ജോണിയുടെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് നിരീക്ഷണമുണ്ട്. ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ ഇയാളുടെ കൊരട്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തു. ജോണി ഉള്‍പ്പെടെ മൂന്നുപേര്‍ ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. രാജീവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവം ക്വട്ടേഷനാണെന്നും കൊലയാളികളെ ദൗത്യമേല്പിച്ചത് അങ്കമാലി സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായ ചക്കര ജോണിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടുദിവസമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജോണിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
അങ്കമാലി-കൊച്ചി മേഖലയില്‍ വന്‍കിട ഭൂമിയിടപാടുകള്‍ നടത്തുന്ന ജോണി സമാന കുറ്റകൃത്യങ്ങളില്‍ പെട്ടപ്പോള്‍ രാജ്യം വിട്ടിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ജോണിക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്കാന് അന്വേഷണസംഘം തീരുമാനിച്ചത്. നിലവില്‍ തായ്ലൻഡ്, ആസ്ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിസകള്‍ ജോണിയുടെ കൈവശമുണ്ട്. പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളുപയോഗിച്ച് വിമാനത്താവളങ്ങളില്‍ ജോണിയെ തിരിച്ചറിയാനായാണ് സര്‍ക്കുലര്‍ നല്‍കുന്നത്. ഇയാളുടെ സഹായി രഞ്ജിത്തും ഒളിവിലാണ്.
മുടങ്ങിപ്പോയ ഭൂമിയിടപാടിനായി നല്കിയ അഡ്വാന്‍സ് തുക തിരികെ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണിയുടെ ബന്ധു ഷൈജു ഉള്‍പ്പെടെയുള്ള നാലുപേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. രാജീവിനെ സംഘം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്വെൻറിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. അറസ്റ്റിലായ ഷൈജു, സുനിൽ, സത്യൻ, രാജൻ എന്നിവരെ ഞായറാഴ്ച രാത്രിയോടെ കുന്നംകുളം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ചാലക്കുടി മജിസ്ട്രേറ്റ് അവധിയായതിനാൽ ചുമതല കുന്നംകുളം മജിസ്ട്രേറ്റിനായിരുന്നു. മജിസ്ട്രേറ്റിെൻറ വീടിന് പൊലീസ് കനത്ത സുരക്ഷയുമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
