അരിക്കൊമ്പൻ ദൗത്യത്തേക്കാൾ അപകടകരം; പാതി മയക്കത്തിൽ കൊമ്പൻ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴക്ക്, പിടികൂടാൻ 250 അംഗ ടീം
text_fieldsഇടുക്കി: വനംവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നായി 250 പേരാണ് ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇതിൽ ട്രാക്കിങ് ടീം, വെറ്ററിനറി സർജൻമാർ, ബയോളജിസ്റ്റുകൾ, ആർ.ആർ.ടി സംഘം, പാപ്പാൻമാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 150 പേരാണ് വനംവകുപ്പിൽ നിന്നുള്ളത്. ഇന്നലെയുണ്ടായ ദൗത്യസംഘത്തിൽ ക്ഷീണിതരായ 15 അംഗ ട്രാക്കിങ് ടീമിന് പകരം പുതിയ ആളുകളെ ടീമിൽ നിയമിക്കും. ഇന്ന് രാവിലെ 7ന് ദൗത്യം പുനരാരംഭിക്കും.
ഇന്നലെ ഉച്ചയോടെ ചിന്നക്കനാൽ മേഖലയിലുണ്ടായ കനത്ത മഴയും മൂടൽ മഞ്ഞും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കി. ആദ്യ മയക്കുവെടി വെച്ചതിന് ശേഷം രണ്ടാമത്തെ ഡോസിനായി തയാറെടുക്കും മുമ്പ് ഡാർട്ടിങ് ടീമിന് ആനയെ കാണാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇന്ന് ദൗത്യം പുനരാരംഭിക്കുമ്പോൾ കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വീണ്ടും നീട്ടി വെക്കേണ്ടി വരും. നിലവിൽ ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള കാട്ടാന മതികെട്ടാൻചോലയിലേക്ക് പോകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളുന്നില്ല. ദേശീയപാത മുറിച്ചു കടന്ന് മതികെട്ടാൻചോല ഭാഗത്തേക്ക് പോകാതിരിക്കാൻ ആർ.ആർ.ടി സംഘം രാത്രിയും തോണ്ടിമല, ചൂണ്ടൽ ഭാഗത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
ചെമ്പകത്തൊഴുത്തുകുടി സെറ്റിൽമെന്റിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനാണ് ലക്ഷ്യം. ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ചു വരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇന്നലെ മയക്കുവെടിയേറ്റിട്ടും മയങ്ങാത്ത കാട്ടാന കാട്ടിലേക്ക് ഓടിയതോടെ ആദ്യദിവസം ദൗത്യം പൂർത്തിയാക്കാനായിരുന്നില്ല. ആന ദൗത്യ സംഘത്തിനുനേരെ ആക്രമണത്തിന് തുനിഞ്ഞെന്നും ഒരു സംഘം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ഹൈറേഞ്ച് സി.സി.എഫ് ഡി.കെ. വിനോദ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ദൗത്യത്തിനുള്ളത്. 12 മണിക്കൂറിലേറെ നീണ്ട ആദ്യദിന ദൗത്യത്തിനിടെ ആന തുറസ്സായ സ്ഥലത്തെത്തിയപ്പോഴാണ് സംഘം ആദ്യ മയക്കുവെടി വെച്ചത്. എന്നാൽ ഇത് ആനയുടെ ശരീരത്തിൽ പതിച്ചെങ്കിലും വലിയ പുൽച്ചെടികളിൽ തട്ടി താഴെ വീണു. അതിനാൽ പകുതി മരുന്നു മാത്രമാണ് ശരീരത്തിൽ കയറിയത്. പാതി മയക്കത്തിലായ ആനയുടെ ചെവിയുടെയും വാലിന്റെയും ആട്ടം നിന്നതോടെ, കുങ്കിയാനകളായ വിക്രം, ഭരത് എന്നിവയെ ദൗത്യമേഖലയുടെ അടുത്തേക്ക് എത്തിച്ചു. എന്നാൽ, തുമ്പിക്കൈ അനങ്ങിയതോടെ ആന പൂർണ മയക്കത്തിലല്ലെന്ന് മനസ്സിലായ ദൗത്യസംഘം രണ്ട്, മൂന്ന് ഡോസുകൾ നൽകാൻ തയാറെടുക്കുന്നതിനിടെ കൊമ്പൻ ഉണരുകയും ദൗത്യസംഘത്തിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ദൗത്യസംഘം രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും ആനയെ വെടി പൊട്ടിച്ച് ഓടിക്കുകയായിരുന്നുവെന്ന് ഹൈറേഞ്ച് സി.സി.എഫ് പറഞ്ഞു. ഓട്ടം തുടർന്ന ചക്കക്കൊമ്പൻ 301 കോളനി ഭാഗത്തെ കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.
ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം അരിക്കൊമ്പൻ ദൗത്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും ഏറെ ശ്രമകരവും അപകടം പിടിച്ചതുമാണെന്ന് ഹൈറേഞ്ച് സി.സി.എഫ് പറഞ്ഞു. പൂർണ ആരോഗ്യവാനായ ചക്കക്കൊമ്പനെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനാണ് ഏറെ സമയമെടുത്തത്. ആനയിറങ്കൽ ജലാശയത്തിന്റെ കരയിലും ചതുപ്പിലും കുത്തിറക്കമുള്ള സ്ഥലത്തും വെച്ച് മയക്കുവെടി വെക്കാൻ കഴിയാത്തതിനാൽ ട്രാക്കിങ് സംഘം ഏറെ പണിപ്പെട്ടാണ് 301 കോളനിക്ക് സമീപമുള്ള ഓമനക്കുഴിയിൽ തുറസായ സ്ഥലത്ത് കൊമ്പനെ എത്തിച്ചത്. മയക്കുവെടി വെക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പാലിക്കേണ്ടിയിരുന്നു. മയക്കു വെടിയേറ്റ ആന ഇരിക്കാതെയും കിടക്കാതെയും മയങ്ങി നിൽക്കുമ്പോൾ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയൂ എന്നും ഹൈറേഞ്ച് സി.സി.എഫ് ഡി.കെ. വിനോദ് കുമാർ കൂട്ടിചേർത്തു.

