പെരിന്തൽമണ്ണ: സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയുടെ മാല പൊട്ടിച്ച കള്ളൻ പിടിയിലായി. പെരിന്തൽമണ്ണ കുന്നപ്പള്ളി, വളയംമൂച്ചിയിൽ 18 ന് വൈകീട്ട് മൂന്നിനായിരുന്നു സംഭംവം. പെരിന്തൽമണ്ണ പാതാക്കര സ്വദേശിയായ കൊളക്കട വീട്ടിൽ മുഹമ്മദ് ആരിഫ് (26) ആണ് പിടിയിലായത്.
സ്കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കള്ളനെ മണിക്കൂറുകൾക്കകമാണ് പൊലീസ് വിദഗ്ധമായി പിടികൂടിയത്. പെരിന്തൽമണ്ണയിൽ നിന്നും ഏലംകുളത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയുടെ മാല മറ്റൊരു സ്കൂട്ടറിൽ പുറകെ വന്നാണ് യുവാവ് കവർന്നത്. വളയം മൂച്ചി, ചൈന മാർക്കറ്റ് എന്ന സ്ഥാപനത്തിന് അടുത്ത് വെച്ചായിരുന്നു മോഷണം. മാല പൊട്ടിച്ചെടുത്ത് ഇയാൾ അതിവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോവുകയായിരുന്നു.
പരാതിക്കാരിയിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സംഘം മോഷ്ടാവിനെ പിടികൂടിയത്. ഇരു സംഘങ്ങളായി പിരിഞ്ഞ് ടൗണിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ചും സ്കൂട്ടറിനെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചു.
പാതായ്ക്കരയിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.