ഇരുമ്പു പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസ്: ചാക്കോച്ചന്റെ ഭാര്യക്ക് ജീവപര്യന്തം
text_fieldsതളിപ്പറമ്പ് (കണ്ണൂര്): പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ റോസമ്മക്ക് (62) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായി കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2013 ജൂലൈ ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്.
ചാക്കോച്ചന്റെ വസ്തു തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവസമയം മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. കൊലക്കുശേഷം വീട്ടിൽനിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡിൽ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ. പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്തുതയാണെങ്കിലും ഇവർ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി കണ്ടെത്തി.
വയസ്സുകാലത്ത് പരസ്പരം താങ്ങായി നിൽക്കേണ്ട ഭർത്താവിനെ ഏഴുതവണ ഇരുമ്പുപൈപ്പുകൊണ്ട് തലയോട്ടി അടിച്ച് തകർത്തതിനാൽ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. കൃത്യത്തിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചുകൊണ്ടുപോയതും ആയുധം ഒളിപ്പിച്ചുവെച്ചതും കണ്ടെത്തിയ കോടതി പ്രതി ദയ അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി. തളിപ്പറമ്പിൽ അഡീ. സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

