സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ -ശശി തരൂർ
text_fieldsകോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.
തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.
സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.
മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.
ജന്മിത്വം അവസാനിപ്പിച്ച് കർഷകർക്ക് കൃഷിഭൂമി ലഭ്യമാക്കുന്നതിനുള്ള കമ്യൂണിസ്റ്റുകാരുടെ ഭൂപരിഷ്‌കരണനടപടികളെ പ്രത്യയശാസ്ത്രപരമായ ഭിന്നതകൾക്കതീതമായി അദ്ദേഹം പിന്തുണച്ചു.
അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

