വിരമിച്ച കേന്ദ്രജീവനക്കാർ ചികിത്സക്ക് തിരുവനന്തപുരത്ത് എത്തണം
text_fieldsപത്തനംതിട്ട: കേന്ദ്രസർക്കാറിൽനിന്ന് വിരമിച്ച ജീവനക്കാർക്കും സംസ്ഥാന എം.പിമാർക്കും ചികിത്സവേണമെങ്കിൽ തിരുവനന്തപരുത്ത് എത്തണം. കേന്ദ്ര സർക്കാറിെൻറ ചെലവിൽ ലാബ് പരിശോധന നടത്തണമെങ്കിലും കാസർകോട്ടുനിന്നുള്ളവരടക്കം തിരുവനന്തപുരത്തേക്ക് യാത്രചെയ്യണം. സി.ജി.എച്ച്.എസ് വെൽനസ് സെൻററുകൾ തിരുവനന്തപുരത്ത് മാത്രമാണുള്ളത് എന്നതാണ് കാരണം.
മൂന്ന് അലോപ്പതി ആശുപത്രിയും ഒന്നുവീതം ആയുർവേദ, ഹോമിയോ ആശുപത്രികളും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നതായി ഡിഫൻസ് സിവിലിയൻ പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 60 വയസ്സിൽ വിരമിച്ചവർ ചികിത്സക്കായി തിരുവനന്തപുരംവരെ യാത്രചെയ്യണമെന്ന അവസ്ഥ മാറ്റണം.കൂടുതൽ ചികിത്സകേന്ദ്രങ്ങൾ ആരംഭിക്കുകയോ മറ്റ് ആശുപത്രികളിൽ സൗകര്യം ഒരുക്കുകയോ വേണം. സംസ്ഥാനത്തൊട്ടാകെ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് വിരമിച്ച ഒരു ലക്ഷത്തിലേറെ പേരുണ്ട്.
വിമുക്തഭടന്മാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവർക്കൊപ്പം ജോലി ചെയ്ത സിവിലിയൻ പെൻഷൻകാർക്ക് ലഭിക്കുന്നില്ല. വിമുക്തഭടന്മാർക്ക് വീട്ടുകരം ഒഴിവാക്കിയിട്ടുണ്ട്. 2006നുമുമ്പ് വിരമിച്ച എല്ലാ പെൻഷൻകാർക്കും തുല്യ പെൻഷൻ എന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ.സി നായർ മുന്നറിയിപ്പ് നൽകി. 28ന് കോഴഞ്ചേരി മാരാമൺ റിട്രീറ്റ് സെൻററിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ നൂറിലേറെ പേർ സംബന്ധിക്കും. ഭാരവാഹികളായ ജോൺ തോമസ്, ഉണ്ണിരാജ്, ബേബി സോമരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
