കരിപ്പൂരിലെ സി.ഇ.ആര്‍ ഫണ്ട് പിണറായിയിലെ വയോജനമന്ദിരത്തിന്; യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കോർപറേറ്റ് എന്‍വയണ്‍മെന്റല്‍ റെസ്പോണ്‍സിബിലിറ്റി (സി.ഇ.ആര്‍) ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്.
വിമാനത്താവള പരിസരത്തെ അനിവാര്യമായ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താതെ ഫണ്ടിലെ ഭൂരിഭാഗം തുകയും കണ്ണൂര്‍ പിണറായിയിലെ വയോജനമന്ദിരം പദ്ധതിക്ക് വിനിയോഗിക്കാന്‍ ശിപാര്‍ശ ചെയ്ത് ജില്ല കലക്ടര്‍ വിമാനത്താവള അതോറിറ്റിക്ക് കത്ത് നല്‍കിയതാണ് വിവാദത്തിന് ആധാരം.
വിഷയത്തില്‍ ജില്ല കലക്ടര്‍ സ്വീകരിച്ച വിവേചനപരമായ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് മലപ്പുറത്ത് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായി വിമാനത്താവളത്തിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനും വിഷയം നിയമപരമായി നേരിടാനുമാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് പ്രത്യേക പാരിസ്ഥിതിക അനുമതി ആവശ്യമായ പദ്ധതികള്‍ക്ക് നല്‍കേണ്ടതും പരിസ്ഥിതി സംബന്ധമായ കഷ്ടനഷ്ടങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമായി വിമാനത്താവള അതോറിറ്റിയില്‍നിന്ന് നല്‍കുന്ന തുകയാണ് സി.ഇ.ആര്‍ ഫണ്ട്. ഈ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പട്ടികയില്‍ പിണറായിയില്‍നിന്നുള്ള വയോജന മന്ദിരം പോലുള്ള പദ്ധതി എങ്ങനെ ഇടംപിടിച്ചെന്നതില്‍ അവ്യക്തത തുടരുകയാണ്. ഇതിനു പിന്നില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

