കേരളത്തിൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്ന് കേന്ദ്ര കമീഷനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
text_fieldsരത്തൻ കേൽക്കർ
തിരുവനന്തപുരം: കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) തദ്ദേശ തെരഞ്ഞെടുപ്പ് തീരുംവരെ നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് അദ്ദേഹം കത്ത് നൽകി.
ശനിയാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംസ്ഥാനതല യോഗത്തിൽ ബി.ജെ.പി ഒഴികെയുള്ള പാർട്ടികളുടെ പ്രതിനിധികൾ എസ്.ഐ.ആറിനോടുള്ള എതിർപ്പും ആശങ്കകളും പങ്കുവെച്ചിരുന്നു. ബിഹാർ മാതൃകയിൽ പരിഷ്കരണം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പാർട്ടികൾ, തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമേ നടപടികളിലേക്ക് കടക്കാവൂവെന്ന് ആവശ്യപ്പെട്ടു.
2002ലേതിന് പകരം 2024ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുക, ആധികാരിക രേഖയിൽ റേഷൻ കാർഡ് ഉൾപ്പെടുത്തുക, സമഗ്ര പരിഷ്കരണത്തിനുപകരം മരിച്ചവർ/ഇരട്ടിപ്പുകൾ എന്നിവ കണ്ടെത്തി ഒഴിവാക്കുക, രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുത്ത് നടപടികൾ തുടങ്ങുക തുടങ്ങിയ നിർദേശങ്ങളും അവർ മുന്നോട്ടുവെച്ചു.
പ്രവാസി വോട്ടർമാരിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. ഇതെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ യോഗത്തെ അറിയിച്ചിരുന്നു. എസ്.ഐ.ആറിനെതിരെ 29ന് നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരുന്നുണ്ട്. ഇതിന് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

