Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പുതിയ യു.ജി.സി...

‘പുതിയ യു.ജി.സി ചട്ടങ്ങൾ കേന്ദ്രത്തിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യം; സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവരാന്‍ ശ്രമിക്കുന്നു’

text_fields
bookmark_border
‘പുതിയ യു.ജി.സി ചട്ടങ്ങൾ കേന്ദ്രത്തിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യം; സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവരാന്‍ ശ്രമിക്കുന്നു’
cancel

തിരുവനന്തപുരം: യു.ജി.സി പ്രസിദ്ധീകരിച്ച 2025ലെ കരട് ചട്ടങ്ങള്‍, സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകലാശാലകളില്‍ ഇനി മുതല്‍ കേന്ദ്രം ഭരണം നടത്തിക്കോളും എന്നു പറയുന്ന ഒരു തരം രാഷ്ട്രീയ ധാര്‍ഷ്ട്യമാണ് കരട് ചട്ടത്തിലുള്ളത്. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യു.ജി.സി നിര്‍ദേശത്തിലുള്ളത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

“സര്‍വകലാശാല ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) 2025ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ഭരണഘടന നിലവില്‍വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ്-2 (സ്റ്റേറ്റ് ലിസ്റ്റ്)ലായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ സമയത്ത് 1975-77 കാലയളവില്‍ നടപ്പിലാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. 1978ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ, നേരത്തെ 42-ാം ഭേദഗതിയിലൂടെ നടപ്പിലാക്കിയ പല മാറ്റങ്ങളും പുനഃസ്ഥാപിച്ചെങ്കിലും, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിര്‍ദേശം രാജ്യസഭയില്‍ പാസ്സാകാത്തതിനാല്‍ നടപ്പിലായില്ല.

ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം കണ്‍കറന്‍റ് ലിസ്റ്റ്ല്‍ എന്‍ട്രി നമ്പര്‍ 25 ആയി കൊണ്ടുവന്നെങ്കിലും, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ച സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പലതും അതത് നിയമസഭകള്‍ പാസാക്കിയ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെട്ടു പോരുന്നത്. മാത്രമല്ല വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ 75 ശതമാനത്തോളവും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ നേരിട്ടാണ് വഹിക്കുന്നത്. 2022ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ 'Analysis of Budgeted Expenditure on Education' റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുകള്‍ 2020-21 വര്‍ഷത്തില്‍ ആകെ ചെലവാക്കിയ 6.25 ലക്ഷംകോടി രൂപയില്‍ 85 ശതമാനവും സംസ്ഥാനങ്ങള്‍ നേരിട്ട് ചെലവഴിച്ചതാണ്. മറ്റു വകുപ്പുകളിലൂടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയാലും, വിദ്യാഭ്യാസത്തിനുള്ള ആകെ ചെലവിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് 76 ശതമാനമാണ്. കേന്ദ്രത്തിന്‍റേത് 24 ശതമാനവുമാണെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്.

യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 66 ന്‍റെയും 1956ലെ യു ജി സി ആക്ട് പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങളുടെയും ചുവടുപിടിച്ചുകൊണ്ടാണ് സർവകലാശാലാ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നത്. ഇത് തീര്‍ത്തും നീതി രഹിതമാണ്. യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 66ല്‍ പറയുന്നത് ഇപ്രകാരമാണ്: ‘Co-ordination and determination of standards in institutions for higher education or research and scientific and technical institutions’. അതായത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍ക്കുമുള്ള നിലവാരങ്ങള്‍ ഏകീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായ കാര്യമാണ്. അതല്ലാതെ അതില്‍ കൂടുതല്‍ അധികാരം കേന്ദ്രത്തിനു ഭരണഘടന നല്‍കുന്നില്ല.

ഭരണഘടനാ അസംബ്ലിയില്‍ ഇന്നത്തെ എന്‍ട്രി 66ന്‍റെ ആദ്യരൂപം അവതരിപ്പിച്ചപ്പോള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗം ഇതിന് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. സംസ്ഥാന ലിസ്റ്റിലേക്കുള്ള വിഷയമായി കരുതിയ ഈ എന്‍ട്രി യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിന് ഡോ. അംബേദ്കര്‍ മറുപടി പറഞ്ഞത് ഈ എന്‍ട്രി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം നിലനിര്‍ത്തുന്നതിനെ മാത്രമാണ് സംബന്ധിക്കുന്നത് എന്നാണ്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എ ബിരുദ പരീക്ഷകള്‍ക്കുള്ള പാസ്സ് മാര്‍ക്കോ മറ്റു മാനദണ്ഡങ്ങളോ പലതരത്തിലാണെങ്കില്‍ അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതുപോലുള്ള ഏകീകൃതമല്ലാത്ത വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് സംസ്ഥാനങ്ങളില്‍ പൊതുവായ മാനദണ്ഡവും ഏകീകൃത രീതിയും ഉറപ്പുവരുത്താന്‍ യൂണിയന്‍ ലിസ്റ്റില്‍ ഇങ്ങനെയൊരു പരാമര്‍ശം എഴുതിച്ചേര്‍ത്തത് എന്ന് ഡോ. അംബേദ്കര്‍ 1949 ആഗസ്റ്റ് 31ന് ഭരണഘടനാ അസംബ്ലിയില്‍ പറയുന്നുണ്ട്. അതായത്, എന്‍ട്രി 66ന്റെ സ്പിരിറ്റ് എന്താണെന്ന് ഡോ. അംബേദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ലിസ്റ്റിലെ എന്‍ട്രി 32ഉം കണ്‍കറന്‍റ് ലിസ്റ്റിലെ എന്‍ട്രി 25 ഉം സംശയരഹിതമായി വ്യക്തത നല്‍കുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്‍റ് ലിസ്റ്റ് എന്നിവയിലെ എന്‍ട്രി 66, 32, 25 എന്നിവ പരിശോധിക്കുമ്പോള്‍, സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും, എന്‍ട്രി 66ല്‍ വ്യക്തമായി പറയുന്നവ ഒഴികെ, യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഏകീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്ന പരിമിതമായ ദൗത്യം മാത്രമേ സംസ്ഥാന സര്‍വകലാശാലകളില്‍ കേന്ദ്രത്തിനുള്ളൂ. 1956ലെ യു.ജി.സി ആക്ട് പ്രകാരം നിര്‍മിച്ച ചട്ടങ്ങള്‍ യാതൊരു തരത്തിലും സംസ്ഥാന നിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സര്‍വകലാശാലകളെ നിയന്ത്രിക്കുവാനുള്ള പദ്ധതിയല്ല എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ പറഞ്ഞതുകൊണ്ട് ഭരണഘടനയുടെ സ്പിരിറ്റ് കൃത്യവും വ്യക്തവുമാണ്.

2025 ലെ പുതിയ യു.ജി.സി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാ നിര്‍മാതാക്കള്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായ ധാരാളം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കരടിലുള്ള പല നിര്‍ദ്ദേശങ്ങളും രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ രൂപീകരണംപോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുകയാണ്. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യു.ജി.സി നിര്‍ദേശത്തിലുള്ളത്.

വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞടുക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്, സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകലാശാലകളില്‍ ഇനി മുതല്‍ കേന്ദ്രം ഭരണം നടത്തിക്കോളും എന്നു പറയുന്ന ഒരു തരം രാഷ്ട്രീയ ധാര്‍ഷ്ട്യമാണ്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവരാന്‍ ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചര്‍ച്ചകളുമില്ലാതെയാണ് ഇത്തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദേശവും കരടില്‍ ഉണ്ട്. ഇതിന്‍റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ലല്ലോ. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ആ പദവിയില്‍ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് ഇവിടെ കേന്ദ്രം പയറ്റുന്നത്.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല എന്നാണ് സുവ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന യു.ജി.സി കരട് ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നത്” -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGCPinarayi Vijayan
News Summary - CentreTrying to take away the constitutional rights of the states through new UGC Rules, says CM Pinarayi Vijayan
Next Story