പരിസ്ഥിതി ലോല മേഖല: കേരളത്തിന്റെ ആവശ്യം തള്ളി; കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കി
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: മലയോര മേഖലയിൽ വീണ്ടും ആശങ്ക പടർത്തി കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ കരട് വിജ്ഞാപനത്തിലും സംസ്ഥാനത്തെ 10,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശം പരിസ്ഥിതി ലോല മേഖല. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് ജൂലൈ 27ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇതുപ്രകാരം പരിസ്ഥിതി ലോല മേഖല. 2024ലെ വിജ്ഞാപനത്തിലും ഇത്രതന്നെ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 1300 കിലോമീറ്റർ ഒഴിവാക്കണമെന്നും വില്ലേജുകൾ 98 ആയി കുറക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
ഇതോടെ പശ്ചിമഘട്ട മേഖലയിൽ കർണാടകയും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറ്റവുമധികം ഭൂപ്രദേശം പരിസ്ഥിതി ലോല മേഖലയിൽ വരുന്ന സംസ്ഥാനമായി കേരളം. കഴിഞ്ഞ വിജ്ഞാപനത്തിലെ 123 പരിസ്ഥിതി ലോല വില്ലേജുകൾ 131 ആയി ഉയർന്നിട്ടുമുണ്ട്. വില്ലേജുകളുടെ വിഭജനമാണ് എണ്ണം കൂടാൻ കാരണം. ആഗോള തലത്തിൽതന്നെ ജൈവ വൈവിധ്യ ഹോട് സ്പോട്ടായി കണക്കാക്കുന്ന പശ്ചിമഘട്ട പ്രദേശത്ത് പരിസ്ഥിതി ലോല മേഖല തർക്കം കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശ്രമങ്ങളിലും പരിഹാരമാവാതെ തുടരുന്നതിനിടെയാണ് കേന്ദ്ര വിജ്ഞാപനം.
സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ കാലാവധി അടുത്ത ജൂലൈ വരെ നീട്ടിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2024ലെ വിജ്ഞാപനം 725 ദിവസത്തിനുശേഷം കാലഹരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ തുടർച്ചയായാണ് പരിസ്ഥിതി മന്ത്രാലയം ഇ.എസ്.എ കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നത്. 2014ലെ ആദ്യ വിജ്ഞാപനം കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എ പരിധിയിൽപെടുത്തിയിരുന്നത്.
ക്വാറിക്കും വ്യവസായങ്ങൾക്കും വിലക്ക്
മലിനീകരണകാരിയാവുന്ന വ്യവസായങ്ങളും ക്വാറി അടക്കം ഖനന പദ്ധതികളും താപോർജ നിലയങ്ങളും പാടില്ലെന്നതാണ് ഇ.എസ്.എ മേഖലയിലെ പ്രധാന നിബന്ധന. 20,000 ചതുരശ്ര മീറ്ററിലധികമുള്ള നിർമാണ പ്രവർത്തനവും 50 ഹെക്ടറിലധികം വിസ്തൃതിയുള്ള ടൗൺഷിപ്പുകളും അനുവദിക്കില്ല. എന്നാൽ, നിലവിലുള്ള കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവക്കു നിയന്ത്രണങ്ങളുണ്ടാവില്ല.
കേരളം ഒറ്റക്കെട്ടായി ഇറങ്ങണം -ഫ്രാൻസിസ് ജോർജ്
പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നതിൽ കേരളം നൽകിയ റിപ്പോർട്ടുകളും നിർദേശങ്ങളും അംഗീകരിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും കരട് വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സർക്കാർ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

