കേന്ദ്രത്തിന്‍റെ കണക്കിൽ രണ്ട്, കേരളത്തിന്‍റെ കണക്കിൽ ആറ്; റെഡ് സോണിൽ ആശയക്കുഴപ്പം വേണ്ട
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെഡ് സോൺ ജില്ലകളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റെഡ് സോണുകളും തമ്മിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര സർക്കാറിന്‍റെ ഇന്നത്തെ പ്രഖ്യാപന പ്രകാരം കണ്ണൂർ, കോട്ടയം ജില്ലകളാണ് കേരളത്തിലെ റെഡ് സോണുകൾ. അതേസമയം, സംസ്ഥാന സർക്കാറിന്‍റെ ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ആറ് ജില്ലകൾ റെഡ് സോണിലാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയെ കൂടാതെ കോട്ടയവും ഇടുക്കിയും സംസ്ഥാന സർക്കാറിന്‍റെ റെഡ് സോൺ പട്ടികയിലുണ്ട്. എന്നാൽ ഇവയിൽ രണ്ട് ജില്ലകൾ മാത്രമാണ് ഇന്ന് കേന്ദ്രം പ്രഖ്യാപിച്ച രാജ്യത്തെ 130 റെഡ് സോൺ ജില്ലകളുടെ കൂട്ടത്തിലുള്ളത്.
കേന്ദ്രം മുന്നിൽവെച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് കോട്ടയവും കണ്ണൂരും മാത്രം റെഡ് സോണിൽ ഉൾപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്‍റെ നിരക്ക്, ടെസ്റ്റിങ് നിരക്ക്, നിരീക്ഷണം എന്നിവ മാനദണ്ഡമാക്കിയാണ് കേന്ദ്രം പട്ടിക തയാറാക്കിയത്.
എന്നാൽ, സംസ്ഥാന സർക്കാർ ഒരു പടികൂടി മുന്നോട്ട് പോയി പ്രൈമറി കോണ്ടാക്റ്റ്സ്, സെക്കൻഡറി കോണ്ടാക്റ്റ്സ് എന്നിവ കൂടി അതിൽ ഉൾപ്പെടുത്തിയാണ് റെഡ് സോൺ തീരുമാനിച്ചത്. ഇത് കേന്ദ്ര സർക്കാറിന്‍റെ മാനദണ്ഡങ്ങൾ കുറച്ച് കൂടി കർശനമായി പിന്തുടരലാണ്. ഇതിൽ കുഴപ്പമില്ല.
കേന്ദ്ര സർക്കാറിന്‍റെ നിർദേശങ്ങൾ സംസ്ഥാനം കൃത്യമായി നടപ്പാക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കരുതെന്നാണ് കേന്ദ്ര നിർദേശം. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ കുഴപ്പമില്ല.
കേന്ദ്രം ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ചത് വയനാടിനെയും എറണാകുളത്തെയുമാണ്. ഇവിടങ്ങളിൽ ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അനുവാദമുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.