‘പി.എം.ശ്രീയിൽ ഒപ്പിട്ടതാണ്, തീരുമാനം വേഗത്തിലാക്കണം’; സംസ്ഥാനത്തിന് സമ്മർദം ചെലുത്തി കേന്ദ്രം
text_fieldsതിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് അന്തിമ തീരുമാനമെടുക്കണമെന്ന് സമ്മർദ്ദം ചെലുത്തി കേന്ദ്രം. ഇതുസംബന്ധിച്ച കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് രണ്ടു ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ലഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിലുള്ള തീരുമാനം വൈകിപ്പിക്കരുതെന്നാണ് കേന്ദ്രം മുഖ്യമായും ആവശ്യപ്പെട്ടത്. വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും കൂടിയാലോചനകൾക്ക് ശേഷം ഔദ്യോഗിക നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പി.എം.ശ്രീയിൽ മുൻ സർക്കാറിന്റെ നിലപാടിൽനിന്നും യു.ഡി.എഫ് സർക്കാറിന് വ്യക്തമായ വിയോജിപ്പുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മുന്നണി ഈ പദ്ധതിയെ എതിർത്തിരുന്നുവെന്നും നിലവിലും അതേ ആശങ്കകൾ തുടരുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിനാൽ പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. മുന്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നും സ്‌കൂള്‍, പാഠ്യപദ്ധതി തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.
മുൻ എൽ.ഡി.എഫ് സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, മുന്നണിക്കുള്ളിലെ വിമർശനങ്ങളെത്തുടർന്നും യു.ഡി.എഫിന്റെ പ്രതിഷേധത്തെത്തുടർന്നും കരാർ മരവിപ്പിക്കുകയായിരുന്നു. തുടർന്ന് നിലവിലെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, പദ്ധതിയിൽനിന്ന് പിന്മാറാൻ സാധിക്കാത്ത ഘട്ടമായിരുന്നു. തുടർന്ന്, അതേസംബന്ധിച്ച് പഠിക്കാൻ ഒരു മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു യു.ഡി.എഫ് സർക്കാർ.
രാജ്യത്തുടനീളം 14,500 സ്കൂളുകളെ നവീകരിച്ച് മാതൃകാ സ്ഥാപനങ്ങളാക്കാനും ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ആശയങ്ങൾ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പി.എം.ശ്രീ പദ്ധതി. പദ്ധതിയിലൂടെ 18 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ രാഷ്ട്രീയമായ വിയോജിപ്പുകളും നയപരമായ ആശങ്കകളും നിലനിൽക്കുന്നതിനാൽ കേരളം ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

