ഭൂപടത്തില്‍ കേരളവുമുണ്ടെന്ന് ബോധപൂർവം വിസ്മരിച്ചു; സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപകടകരം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിനു നേരിടേണ്ടി വന്നത് കടുത്ത വിവേചനവും അവഗണനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ അവഗണനക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന നീക്കം അപകടകരമാണ്.
സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവ പൂര്‍ണമായും തഴയപ്പെട്ടു. ഫിനാന്‍സ് കമീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്.
പൂർണ്ണമായും നവലിബറൽ സാമ്പത്തിക യുക്തിയെ പുൽകുന്ന ഈ ബജറ്റ് കോർപറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്ര ശ്രമം. ഗ്രാന്റുകളുടെ കാര്യത്തിൽ മൊത്തത്തിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളർച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി നികുതി വിഹിതത്തിൽ വന്ന ചെറിയ വർദ്ധനവ് സംസ്ഥാനത്തിന്റെ അർഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാൽ ഗ്രാന്റുകൾ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള മൊത്തം വിഹിതത്തിൽ തത്വത്തിൽ വർധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമാണെന്നും പിണറായി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

