Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് തുരങ്ക പാതക്ക്...

വയനാട് തുരങ്ക പാതക്ക് കേന്ദ്രാനുമതി; ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം

text_fields
bookmark_border
വയനാട് തുരങ്ക പാതക്ക് കേന്ദ്രാനുമതി; ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം
cancel

ന്യൂഡൽഹി: കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നൽകി. ഇതോടെ നിർമാണ പ്രവർത്തനത്തിനുള്ള ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം. നേരത്തെ പാരിസ്ഥിതിക ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്ത പദ്ധതിക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരം.

ഈ മാസം 14, 15 തീയതികളില്‍ നടന്ന വിദഗ്ധ സമിതി യോഗത്തിലാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശിപാര്‍ശ നല്‍കിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനക്കുവിട്ടത്.

60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഫോടനതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സി.എസ്‌.ഐ.ആര്‍, സി.ഐ.എം.എഫ്.ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പദ്ധതി നിര്‍വാഹകര്‍ ശ്രദ്ധിക്കണം. വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം.

ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കണം. പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം.

അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്‍ദ്ധിഷ്ട പദ്ധതി പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കലക്ടര്‍ ശിപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ദസമിതി രൂപവത്കരിക്കുക, നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breaking NewsWayanad Tunnel Road
News Summary - Centre approves Wayanad Tunnel Road Plan
Next Story