തിരുവനന്തപുരം: ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ ദേശീയ തലത്തിൽ കേന്ദ്രീകരിക്കുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള മോദി സർക്കാറിന്‍റെ ഗൂഢ പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. നാടെങ്ങും ഉയർന്ന പൗരത്വ പ്രക്ഷോഭങ്ങൾ അനായാസം പൗരത്വ നിയമം രാജ്യത്ത് അടിച്ചേൽപ്പിക്കുന്നതിന് തടസ്സമെന്ന് മനസ്സിലാക്കിയതാനാലാണ് 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്താനൊരുങ്ങുന്നത്.
ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരമാണ് തദ്ദേശസ്ഥാനങ്ങളിൽ ജനന-മരണ രജിസ്ട്രാറെ നിശ്ചയിക്കുന്നത്. ഫെഡറൽ സംവിധാനത്തെയും പഞ്ചായത്ത് രാജ് നിയമത്തെയും ഒരേസമയം തകർക്കുകയാണ് ഈ നീക്കത്തിലൂടെ.
ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കും എന്ന കേന്ദ്ര സർക്കാറിന്‍റെ തീരുമാനം ഈ ഉദ്ദേശത്തോടെ തന്നെയെന്ന് വ്യക്തമാകുകയാണ്. പൗരത്വ നിയമം ഏതുവഴി നടപ്പാക്കാൻ ശ്രമിച്ചാലും രാജ്യത്തെ പൗരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. കേന്ദ്ര സർക്കാറിന്‍റെ ഗൂഢ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.