കേന്ദ്രം മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നു -രാം പുനിയാനി
text_fieldsകെ.എസ്.ടി.എ സംസ്ഥാന സമ്മേളനം കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ ഡോ. രാംപുനിയാനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മോദി സർക്കാർ മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംപുനിയാനി. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം സമുദ്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം മാറ്റിയെഴുതുന്ന പ്രവണത പുതിയതല്ല. മോദി സര്‍ക്കാര്‍ നിരന്തരമായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മിത്തുകളെ രാഷ്ട്രീയത്തിലേക്കും മതത്തിലേക്കും കടത്തിവിടുന്നു. മഹാത്മാഗാന്ധിയുടെ വധം പോലും അവരുടെ താല്പര്യത്തിനനുസരിച്ച് മാറ്റുകയാണ്.
ഗാന്ധി മരണപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ വധിച്ചു എന്നു പറയാന്‍ തയാറാവുന്നില്ല. ഇങ്ങനെ എല്ലാ ചരിത്രവസ്തുതകളെയും വക്രീകരിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രബോധത്തിനോ യുക്തസഹമായ ചിന്തകൾക്കോ യാതൊരു പ്രാധാന്യവും നൽകുന്നില്ല. അതേസമയം, സാങ്കേതികവിദ്യയെ വലിയ തോതിൽ തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഹിറ്റ്ലറും ഈ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. വേദങ്ങളും വര്‍ണവ്യവസ്ഥയും തിരിച്ചുകൊണ്ടുവരാനാണ് ശ്രമം.
വിദ്യാഭ്യാസമേഖലയെയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ശാസ്ത്രീയവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് പകരം മിത്തുകളും കേട്ടുകേള്‍വികളും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാജ്യത്തെ വിദ്യാഭ്യാസമേഖലയെ നൂറ്റാണ്ടുകളോളം പിറകോട്ട് നയിക്കും. സമത്വത്തിൽ അധിഷ്ഠിതമായ, ശാസ്ത്ര സത്യങ്ങളുടെ മൂല്യം ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം സമൂഹത്തെയാകെ ഉടച്ചുവാർക്കുകയും നേർവഴിക്ക് നയിക്കുകയും ചെയ്യുമെന്ന് രാം പുനിയാനി പറഞ്ഞു. ചടങ്ങില്‍ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു.
തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു. ട്രേഡ് യൂനിയൻ സൗഹൃദ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന്റെ ഭാഗമായ പ്രകടനവും പൊതുസമ്മേളനവും ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽനിന്ന് 10,000 ഓളം അധ്യാപകർ പങ്കെടുക്കുന്ന പ്രകടനം നടക്കും. മുതലക്കുളം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

