കുടിശിക 40 ലക്ഷം കിട്ടിയില്ല; കേന്ദ്ര സർവകലാശാല അധ്യാപകൻ ആത്മഹത്യ ഭീഷണി മുഴക്കി
text_fieldsപെരിയ: സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി ലഭിക്കേണ്ട ശമ്പള കുടിശിക 40 ലക്ഷം രൂപ ലഭിക്കാത്തതിൽ മനംനൊന്ത് കേന്ദ്ര വാഴ്സിറ്റി അധ്യാപകന്റെ ആത്മഹത്യ ഭീഷണി. കേന്ദ്ര വാഴ്സിറ്റി ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ അസി. പ്രഫസർ ഡോ. വെള്ളിക്കീൽ രാഘവനാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ചൊവ്വാഴ്ച രാത്രി 11.41ന് സാമൂഹിക മാധ്യമത്തിലിട്ട കുറിപ്പ് ബുധനാഴ്ച രാവിലെ പിൻവലിച്ചു.
കുടിശിക ലഭിച്ച അധ്യാപകരെ മുഴുവൻ അഭിനന്ദിച്ച രാഘവൻ തനിക്ക് 2012 മുതലുള്ള കുടിശിക 40 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും അതിനും മുകളിലുള്ള വായ്പ കൊണ്ട് താൻ മാനസിക പ്രയാസമനുഭവിക്കുന്നുണ്ടെന്നും കുറിച്ചു. സർവകലാശാല പണം നൽകാത്തതിനെ തുടർന്ന് താൻ സാമ്പത്തിക തകർച്ചയിലാണ്. നാളെ തന്റെ ജീവിതം നഷ്ടപ്പെട്ടാൽ സർവകലാശാല ഭരണ വിഭാഗമായിരിക്കും ഉത്തരവാദി. ഈ കുറിപ്പിന്റെ പകർപ്പ് തന്റെ ഭാര്യക്കും അയക്കുന്നുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ രാഘവൻ കുറിപ്പ് പിൻവലിക്കുകയായിരുന്നു.
നേരത്തെ, സർവകലാശാലയിലെ മറ്റൊരു അധ്യാപകനും ആത്മഹത്യ കുറിപ്പ് എഴുതി പിറ്റേ ദിവസം പിൻവലിച്ച സംഭവമുണ്ടായിരുന്നു. ക്ലാസ് മുറിയിൽ ബോധരഹിതയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വിവാദമായപ്പോളായിരുന്നു ഇതേ വകുപ്പിലെ അധ്യാപകൻ ആത്മഹത്യ കുറിപ്പ് എഴുതിയത്. അതേസമയം, രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സഭവവുമുണ്ടായിട്ടുണ്ട്.
സർവകലാശാല ഭരണവിഭാഗവുമായി അടുത്ത ബന്ധമുള്ളയാളാണ് ഡോ. വെള്ളിക്കീൽ രാഘവൻ. കോട്ടക്കലിലെ ഹയർ സെക്കൻഡറി അധ്യാപികക്ക് വാട്സ് ആപ്പിൽ അശ്ലീല സന്ദേശം അയച്ചതിന് രാഘവനെതിരെ പരാതിയുണ്ടായിരുന്നു. ഇത് പിന്നീട് മുക്കുകയായിരുന്നു. ഉന്നത വിദ്യാപീഠമായ കേന്ദ്ര വാഴ്സിറ്റിയിൽ അധ്യാപകർ തന്നെ ആത്മഹത്യ ഭീഷണിമുഴക്കുന്നത് നല്ല മാതൃകയല്ല എന്ന് വിദ്യാർഥികളും സഹ അധ്യാപകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

