കേരളം അറിയാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്ര സംഘത്തിെൻറ പരിശോധന
text_fieldsകുമളി: തമിഴ്നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക പരിശോധനയുടെ ഭാഗമായി കേന്ദ്ര ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.
കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയറായ നിത്യാനന്ദു റായിയുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് തമിഴ്നാട് അധികൃതർക്കൊപ്പം അണക്കെട്ടിലെത്തിയത്. സംഘത്തിെൻറ സന്ദർശനം കേരള അധികൃതർ അറിഞ്ഞില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 70 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് സംഭരണശേഷി.
ഇവിടെ നിന്നാണ് തേനിക്കു പുറമേ മധുര, ദിണ്ടുക്കൽ, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് വെള്ളം ഒഴുക്കുന്നത്. വൈഗ അണക്കെട്ടിലേക്ക് ജലം എത്തിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് പുറമേ ജലം ഒഴുക്കുന്ന തേനി ജില്ലയിലെ, മേഘമല, ചുരുളി എന്നിവിടങ്ങളിലെ ചെറിയ അണക്കെട്ടുകളിലും സംഘം സന്ദർശനം നടത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, തേക്കടി ഷട്ടർ, ലോവർ ക്യാമ്പ് പവർ ഹൗസ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.

