കേന്ദ്ര റോഡ് ഫണ്ട് ആരുടെയും ഔദാര്യമല്ല -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsമാവൂർ: കേന്ദ്ര റോഡ് ഫണ്ടുകൾ എന്തെങ്കിലും അപേക്ഷ നൽകി കാത്തിരിക്കേണ്ട ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നാം ദിനേന വാഹനങ്ങളിൽ നിറക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽനിന്ന് നിശ്ചിത വിഹിതം നീക്കിവെച്ചാണ് കേന്ദ്ര റോഡ് ഫണ്ട് സ്വരൂപിക്കുന്നതെന്നും ഇക്കാര്യം ഭൂരിപക്ഷം പേർക്കും അറിയാമെങ്കിലും അറിയാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് മനസ്സിലാക്കാനാണ് പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു. എളമരം കടവ് പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പാലത്തിന് ഫണ്ട് അനുവദിച്ചത് മോദിസർക്കാറാണെന്നും അതിനാൽ കേന്ദ്രപ്രതിനിധിയെ ഉൾപ്പെടുത്തിയില്ലെന്നും ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഉദ്ഘാടനത്തിനുമുമ്പ് പാലം തുറന്നുകൊടുത്ത നടപടിയെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം.
കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് തുക അനുവദിച്ചാൽ അത് ഏത് പദ്ധതിക്കുവേണ്ടി വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതും നടപ്പാക്കുന്നതും സംസ്‍ഥാന സർക്കാറാണ്. മാത്രമല്ല, ഉദ്ഘാടനപരിപാടി നിശ്ചയിച്ചതും നടത്തുന്നതും കേന്ദ്രഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനുള്ള മാനദണ്ഡം പാലിച്ചാണ്.
ഉദ്ഘാടനം സംബന്ധിച്ച് കേ ന്ദ്രസർക്കാറിന് ചിലർ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാറിലേക്ക് അന്വേഷണം വന്നിരുന്നു. ഇതിന് സമചിത്തതയോടെ മറുപടി നൽകി ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ഫണ്ട് മാത്രമല്ല, സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഉദ്ഘാടനമായാലും കേന്ദ്രമന്ത്രി വന്നാൽ ഇരുകൈയുംനീട്ടി സ്വീകരിക്കും. വികസനകാര്യത്തിൽ എല്ലാവരും ഒത്തൊരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി റിയാസ് പറഞ്ഞു.
എളമരം കടവ് പാലത്തിൽ സി.ആർ.ഐ.എഫ് ഫണ്ടുപയോഗപ്പെടുത്തി ഗതാഗതത്തോടൊപ്പം ടൂറിസ വികസനവും സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ കാസർകോട്-തിരുവനന്തപുരം ദേശീയപാത വികസനം പൂർത്തിയാകുമെന്നും അദ്ദേഹംവ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

