തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേടെന്ന് കേന്ദ്ര റിപ്പോർട്ട്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേടുകളെന്ന് കേന്ദ്ര റിപ്പോർട്ട്. പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾ പണിസ്ഥലത്തെത്തി ഫോട്ടോയെടുത്തശേഷം തൊഴിലെടുക്കാതെ വാർഷികാഘോഷങ്ങളിലും കുടുബശ്രീ എ.ഡി.എസ്, സി.ഡി.എസ് യോഗങ്ങളിലും മറ്റും പങ്കെടുക്കുകയാണെന്ന് കേന്ദ്ര അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. പദ്ധതി വകമാറ്റുന്നതുമൂലം, തൊഴിലാളികൾക്ക് ലഭിക്കേണ്ട പണം കരാറുകാർ കൈവശപ്പെടുത്തുന്നതായി റിപ്പോർട്ടിലുണ്ട്.
ജൂൺ ആദ്യം മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് ഡയറക്ടർ പി. ശിവശങ്കരന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
സമാന പ്രവൃത്തികളിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി റിപ്പോർട്ട് 15 ദിവസത്തിനകം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശിച്ചിരുന്നത്. മതിയായ പരിശോധനകൾ നടത്താതെ, പരമാവധി തുക ചെലവഴിക്കുന്നതിന് ഉദ്യോഗസ്ഥരും കരാർ ജീവനക്കാരും നിയമവിരുദ്ധമായും താൽപര്യങ്ങൾ മുൻനിർത്തിയുമാണ് പ്രവൃത്തികൾ ഏറ്റെടുക്കുന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം അന്വേഷണം നടത്തിയത്.
മെറ്റീരിയൽ വർക്കുകളുടെ റോഡ്-വ്യക്തിഗത ആസ്തി എന്നിവയുടെ അനുപാതത്തിലും സംസ്ഥാനം ചട്ടവിരുദ്ധമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ കണ്ടെത്തൽ. തൊഴിലുറപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി മെറ്റീരിയൽ വർക്കുകൾ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് കരാറുകാരെകൊണ്ട് ചെയ്യിക്കുകയും തൊഴിലാളികളുടെ പേരിൽ തുക മാറിയെടുത്ത് കരാറുകാർക്ക് കൈമാറുകയും ചെയ്യുന്നത് വ്യാപകമായി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തൊഴിൽ സൈറ്റിൽ ഫോട്ടോ എടുക്കാൻ മാത്രമാണ് തൊഴിലാളികൾ പണിസ്ഥലത്തെത്തുന്നത്. ഇവിടെയെത്തി ഒപ്പിട്ടശേഷം തൊഴിലാളികൾ കുടുബശ്രീ എ.ഡി.എസ്, സി.ഡി.എസ് വാർഷികങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവക്കെല്ലാം പോകുകയും ആ ദിവസത്തേക്കുള്ള വേതനം കൈപ്പറ്റുകയും ചെയ്യുന്ന രീതി വ്യാപകമാണെന്നും കേന്ദ്രസംഘം വിലയിരുത്തുന്നു.
തൊഴിലുറപ്പ് പദ്ധതിയിലെ ചട്ടപ്രകാരമുള്ള ഏക നിയമാനുസൃത പരാതിപരിഹാര സംവിധാനമായ ജില്ല ഓംബുഡ്സ്മാന്മാരുടെ ഉത്തരവുകൾ സംസ്ഥാന, ജില്ല മിഷനുകൾ അവഗണിക്കുന്നതാണ് അഴിമതികൾ പെരുകുന്നതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. നിയമങ്ങൾ കർശനമായി പാലിക്കാതെ പ്രവൃത്തികൾ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ കടുത്ത നടപടികൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

