കേന്ദ്രനയങ്ങൾ തിരിച്ചടി; വിമാനത്താവളങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിൽ വൻ കുറവ്
text_fieldsമലപ്പുറം: കേന്ദ്രസർക്കാർ നയങ്ങൾ തിരിച്ചടിയായതോടെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിൽ വൻ കുറവ്. കാർഗോ നിരക്കിലെ വർധനയും ജി.എസ്.ടി ഈടാക്കിത്തുടങ്ങിയതുമാണ് കാരണം. നേരത്തെ നൽകിയ സബ്സിഡിയിലും കേന്ദ്രസർക്കാർ വലിയ കുറവ് വരുത്തിയതോടെ കയറ്റുമതിയെ വൻതോതിൽ ബാധിച്ചു. കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ചരക്ക് നീക്കത്തിൽ വലിയ കുറവാണുണ്ടായത്. 2019-20ൽ കോഴിക്കോട്ട് 28,179 ടൺ, കൊച്ചി 72,142 ടൺ, തിരുവനന്തപുരം -25,511 ടൺ എന്നിങ്ങനെയായിരുന്നു ചരക്ക് നീക്കം.
2022-23ൽ കോഴിക്കോട് -14,523, തിരുവനന്തപുരം -16,722, കൊച്ചി -56,773 ടണ്ണായാണ് കുറഞ്ഞത്. കോവിഡിന് ശേഷം വിമാനക്കമ്പനികൾ നിരക്കിൽ വലിയ വർധന വരുത്തിയിരുന്നു. യു.എ.ഇ ഒഴികെയുള്ള സെക്ടറുകളിൽ എല്ലാം വലിയ നിരക്കാണ് ഈടാക്കുന്നത്. ഇതോടൊപ്പമാണ് 18 ശതമാനം ജി.എസ്.ടിയും ഈടാക്കുന്നത്. ചെലവ് വർധിച്ചതോടെ നിരവധി പേർക്ക് വ്യോമമാർഗമുള്ള ചരക്കുനീക്കം ഉപേക്ഷിക്കേണ്ടി വന്നതായി ഈ രംഗത്തുള്ളവർ പറയുന്നു.
കരിപ്പൂരിൽ വലിയ വിമാന സർവിസുകൾ നിർത്തിയതും ചരക്ക് നീക്കം ഇടിയാൻ കാരണമായി. കൂടാതെ, കേന്ദ്രസർക്കാറിന്‍റെ ‘ഓപൺ സ്കൈ പോളിസി’യിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് അന്താരാഷ്ട്ര നോൺ ഷെഡ്യൂൾഡ് കാർഗോ സർവിസുകൾക്ക് അനുമതിയുള്ളത്. നേരത്തെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവിസ് നടത്താമായിരുന്നു.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളും പഴങ്ങളും കൂടാതെ, സംസ്ഥാനത്തെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന പച്ചക്കറികളും കേരളത്തിലെ വിമാനത്താവളങ്ങൾ മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കയറ്റുമതിക്കായി ബംഗളൂരു വിമാനത്താവളത്തെ ആശ്രയിക്കുന്നവരുമുണ്ട്. മാത്രമല്ല, കാർഗോ നീക്കത്തിന് ഏർപ്പെടുത്തിയ പുതിയ സംവിധാനപ്രകാരം മൂന്ന് വിമാനത്താവളങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചിട്ടില്ല.
കോമൺ യൂസർ ഡൊമസ്റ്റിക് കാർഗോ ടെർമിനൽ (സി.യു.ഡി.സി.ടി) സംവിധാനത്തിൽ നിന്ന് റെഗുലേറ്റഡ് ഏജന്‍റ് (ആർ.എ) സംവിധാനത്തിലേക്ക് മാറാനാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) നിർദേശിച്ചത്. ഇതിനുള്ള സമയപരിധി കഴിഞ്ഞമാസം അവസാനിച്ചത് താൽക്കാലികമായി നീട്ടിനൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

