കാപ്പക്കാരെകൊണ്ട് പൊറുതിമുട്ടി സെൻട്രൽ ജയിൽ
text_fieldsകണ്ണൂർ: കാപ്പ തടവുകാരിലെ ഗുണ്ടകളെകൊണ്ട് പൊറുതി മുട്ടി കണ്ണൂർ സെൻട്രൽ ജയിൽ. നിസ്സാര കാര്യങ്ങൾക്കുപോലും പോരടിക്കുന്ന ഇവരെ നേരിടാൻ പ്രയാസപ്പെടുകയാണ് ജയിൽ ഉദ്യോഗസ്ഥർ. സെൻട്രൽ ജയിലിലെ ഒന്ന്, മൂന്ന്, പത്ത് ബ്ലോക്കുകളിലായി 80ഓളം കാപ്പ തടവുകാരാണ് ഇപ്പോഴുള്ളത്. ഇതിൽ പത്താം ബ്ലോക്കിന് മാത്രമാണ് അതിസുരക്ഷയുള്ളൂ. ഒന്നും മൂന്നും സാധാരണ ബ്ലോക്കുകളാണ്. ദിവസങ്ങൾക്കു മുമ്പ് ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി ഒരാൾക്കു കുത്തേറ്റിരുന്നു.
വലിയ പരിക്കുണ്ടാവുമ്പോൾ മാത്രമാണ് കാപ്പക്കാരുടെ പ്രശ്നം പുറത്തറിയുന്നത്. ഏതു നിമിഷവും ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നപോലെയാണ് സെൻട്രൽ ജയിൽ ജീവനക്കാർ കഴിയുന്നത്. നിസ്സാര കാര്യങ്ങൾക്കു പോലും ഇവർ ഏറ്റുമുട്ടും. എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽനിന്നുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കഴിയുന്ന തടവുകാരാണ് കണ്ണൂരിലുള്ള ഈ 80 പേർ. മരട് അനീഷ്, അത്താണി അനീഷ്, കടവി രഞ്ജിത്ത്, ബിൻഷാദ് എന്നീ ഗുണ്ടാ നേതാക്കളും ഇതിലുണ്ട്. കേരളത്തിലെ സെൻട്രൽ ജയിലുകളിൽ കണ്ണൂരും വിയ്യൂരും മാത്രമാണ് കാപ്പ തടവുകാരുള്ളത്. അതിസുരക്ഷയുള്ള ബ്ലോക്കും അതിന് സജ്ജമായ ജീവനക്കാരെയും നിയമിക്കുകയാണ് പരിഹാരമെന്നാണ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
സെൽ നിറഞ്ഞ് തടവുകാർ കുറഞ്ഞ ജീവനക്കാർ
948 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 1050 പേരാണ് നിലവിലുള്ളത്. ഉൾക്കൊള്ളാനാവുന്നതിലും അധികം തടവുകാരുള്ള സ്ഥിതി മാറണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനു മുന്നിൽ വിവിധ റിപ്പോർട്ടുകൾ പലതവണ എത്തിയതാണ്. ഏറ്റവുമൊടുവിൽ ഗോവിന്ദചാമി ജയിൽ ചാടിയ ശേഷം നൽകിയ അന്വേഷണ റിപ്പോർട്ടിലും തടവുകാരുടെ ആധിക്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഇത്രയും തടവുകാരെ നിയന്ത്രിക്കാൻ ആകെയുള്ളത് 160 പ്രിസൺ ഓഫിസർമാരാണ്. ആറ് തടവുകാർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ജീവനക്കാർ വേണ്ടത്. ഇപ്പോൾ 10 പേർക്ക് ഒരാൾ എന്നതാണ് സ്ഥിതി. 150 അസി. പ്രിസൺ ഓഫിസർ, 43 ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ. നിലവിൽ 30 പേരുടെ ഒഴിവുണ്ട്. എട്ടു മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി. ഒരു ഷിഫ്റ്റിൽ 20 ജീവനക്കാർ എങ്കിലും വേണം. അവധി, തടവുകാരുടെ ആശുപത്രി കാവൽ, കോടതി ഡ്യൂട്ടി തുടങ്ങിയ കാര്യങ്ങൾക്കായി ഉദ്യോഗസ്ഥർ പലവഴിക്ക് പോകുമ്പോൾ പല ഷിഫ്റ്റുകളിലും ആൾ കുറവാണ്.
സ്റ്റീൽ ഗ്ലാസ് ചുരുട്ടി കൂർപ്പിക്കും, ബ്രഷുകൾ കൂട്ടിക്കെട്ടും
ഭക്ഷണം കഴിക്കാനോ മറ്റോ തടവുകാർ ഒരുമിച്ച് പുറത്തിറങ്ങുമ്പോഴാണ് ഏറ്റുമുട്ടുക. മയക്കുമരുന്നിനെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കുത്തേൽക്കുന്ന സംഭവങ്ങളിൽ കലാശിക്കുന്നത്. വലിയ ബഹളം കേട്ട് ഓടിയെത്തുമ്പോൾ ചോരയിൽ മുങ്ങിയ തടവുകാരെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയാണ് ജീവനക്കാർ. ജയിലിൽ ആരുമറിയാതെ എത്തിക്കുന്ന മയക്കുമരുന്നിനെ ചൊല്ലിയാണ് വലിയ സംഘർഷമുണ്ടാവുന്നത്. ഗുണ്ടാ സംഘത്തിൽപെട്ട കാപ്പ തടവുകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടും. ജീവനക്കാർക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് പലതും. മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരിക്ക് അടിപ്പെട്ടവരും ഇതിലുണ്ട്.
ആയുധം ഇല്ലാത്തതിനാൽ സ്റ്റീൽ ഗ്ലാസ് ചതച്ച് ഒരു ഭാഗം കൂർപ്പിച്ച് കത്തി രൂപത്തിലാക്കുകയാണ് തടവുകാരുടെ രീതി. മരപ്പലക, കമ്പി എന്നിവയും ആയുധങ്ങളാക്കുന്നു. ടൂത്ത് ബ്രഷുകൾപോലും കൂട്ടിക്കെട്ടി തറയിൽ ഉരസി കൂർപ്പിച്ച് ആയുധമാക്കും. വധശ്രമം ഉൾപ്പടെ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. എയ്ഡ്സ് രോഗികൾവരെ കാപ്പക്കാരിലുണ്ട്. ഇവരുടെ രക്തം ദേഹത്ത് പടരുന്നതിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

