‘വഖഫ് ബിൽ പാസായാൽ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്’; മുനമ്പം ജനതയെ കേന്ദ്രം വഞ്ചിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: വഖഫ് ഭൂമി വിഷയത്തിൽ മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബിൽ പാസായാൽ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞതെന്നും ഇത് വഞ്ചനയായി പോയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ട്രൈബ്യൂണലിൽ പരിഹരിക്കാവുന്ന വിഷയത്തിൽ സുപ്രീംകോടതിയിൽ പോകാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശമേ കേന്ദ്ര സർക്കാറിനുള്ളൂ. വർഗീയത പറഞ്ഞു നടക്കുകയാണ്. കാട്ടാന മനുഷ്യരെ ചവിട്ടി കൊല്ലുന്നതിലും വന്യമൃഗ ആക്രമണത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ശക്തമായ നടപടി സ്വീകരിക്കാനുണ്ടെന്നും അതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. കാട്ടാന ചവിട്ടി കൊല്ലുന്ന വിഷയത്തിൽ അഞ്ച് മിനിറ്റ് ചെലവഴിച്ചിരുന്നെങ്കിൽ നാട്ടുകാർ രക്ഷപ്പെടുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് ബില്ലും മുനമ്പം പ്രശ്നവുമായി നേരിട്ട് ബന്ധമില്ലെന്നും വഖഫ് ബിൽ പാസാകുന്നത് കൊണ്ട് മുനമ്പം ഭൂമി പ്രശ്നം തീരില്ലെന്നും യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇപ്പോൾ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ബി.ജെ.പി ഇതുവരെ നടത്തിയിരുന്ന പ്രതികരണം വെറുതേയായിരുന്നുവെന്ന് ഇന്ന് ജനങ്ങൾക്ക് മനസിലായി. വെറുതേ സ്വീകരണം ഏറ്റുവാങ്ങാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പം പ്രശ്നം ലളിതമായി പരിഹരിക്കാൻ ട്രൈബ്യൂണലിലെ കേസിൽ യോജിച്ച നിലപാട് വന്നാൽ മതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വൈകാതെ നിലപാട് സ്വീകരിച്ചാൽ ട്രൈബ്യൂണലിൽ പ്രശ്നം തീരും. പണ്ടേ പ്രശ്നം പരിഹരിക്കാമായിരുന്നു. ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകാമെന്ന അവകാശം മാത്രമാണ് വഖഫ് ബിൽ നൽകിയിട്ടുള്ളത്.
രമ്യതയിൽ പ്രശ്നം തീർക്കാൻ തയാറാണെന്ന് മുനമ്പത്തെ ജനങ്ങളും ഫറൂഖ് കോളജും പറഞ്ഞിട്ടുണ്ട്. ട്രൈബ്യൂണിൽ തന്നെ തീർക്കാവുന്ന ഒരു വിഷയത്തെ വലിച്ചു നീട്ടിയത് ആരാണ്. മുനമ്പം വിഷയത്തെ വലിച്ചു നീട്ടി വഖഫ് ബില്ലിൽ കെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വാദിയും പ്രതിയും യോജിക്കുമ്പോൾ സർക്കാർ പ്രശ്നമുണ്ടാക്കാതിരുന്നാൽ മതി. സാദിഖലി തങ്ങൾ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ സമയത്ത് തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വഖഫ് ഭൂമി വിഷയത്തിൽ മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിലൂടെ തന്നെ പരിഹാരം കാണണമെന്നുമാണ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്.
വഖഫ് ബോർഡിന്‍റെ അധികാരത്തിലും ഘടനയിലും നിയമഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രൈബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെന്നും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.