പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാർ കാണിക്കുന്നത് രാഷ്ട്രീയ പ്രതികാരം; ജോസ് കെ.മാണി
text_fieldsന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ പ്രതികാരവും തുറന്ന യുദ്ധവുമാണെന്ന് ജോസ് കെ. മാണി എം.പി. രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. മണിപ്പൂര്‍ കലാപം, വയനാട് ദുരന്തം, മനുഷ്യ-വന്യജീവി സംഘര്‍ഷം, റബർ വിലയിടിവ് എന്നിവയെ കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാനത്തില്‍ ഒരു പരാമര്‍ശവുമുണ്ടായില്ല. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നത് സര്‍ക്കാറിന്റെ ആശയമാണെങ്കില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്ക്കായുടെ പുറത്താണ്.
രാജ്യത്ത് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പൂർണ പരാജയമാണ്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ആശങ്കാജനകമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ 40 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ജി.ഡി.പി വളര്‍ച്ചയാണ് എന്ന് സ്ഥാപിക്കുമ്പോഴും യഥാർഥത്തില്‍ തൊഴിലില്ലായ്മ വളര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ ഭീമമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. 10 മുതല്‍ 17 വയസ് പ്രായമുള്ള കുറഞ്ഞത് 1.58 കോടി കുട്ടികളെങ്കിലും ലഹരി വസ്തുക്കളുടെ അടിമകളാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ദേശീയ അടിയന്തരാവസ്ഥക്ക് സമാനമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
വയനാട് ദേശീയദുരന്തമായി പ്രഖ്യാപിക്കാനോ വയനാട് ജനതയെ ചേര്‍ത്ത് പിടിക്കാനുള്ള ഒരു പദ്ധതിയോ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വന്യജീവി ആക്രമണം തടയാനുള്ള ശാശ്വതമായ പരിഹാരം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സാധാരണക്കാരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് നീതിയല്ല. റെയില്‍വേയില്‍ പുതുതായി ചേര്‍ത്ത സീറ്റുകളില്‍ 33ശതമാനം എ.സി കോച്ചുകളിലാണ്. 95 ശതമാനം യാത്രക്കാരും ഇപ്പോഴും സ്ലീപ്പര്‍, ജനറല്‍ ക്ലാസുകളിലാണ് യാത്ര ചെയ്യുന്നത്. റെയില്‍വെയുടെ ഈ നടപടി വഴി ഭൂരിഭാഗം യാത്രക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭിക്കുന്നില്ല. 'സൂപ്പര്‍ഫാസ്റ്റ്' സര്‍ചാര്‍ജുകള്‍ നടപ്പിലാക്കുന്നതും മറ്റൊരു കൊള്ളയടിയാണ്. സര്‍ചാര്‍ജ് ഉണ്ടായിരുന്നിട്ടും ട്രെയിനുകള്‍ ഒരു സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പാലിക്കുന്നില്ല. നിലവിലില്ലാത്ത ഒരു സേവനത്തിന് യാത്രക്കാര്‍ പണം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ ഇത് യാത്രക്കാരെ കൊള്ളയടിക്കലാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

