'ബീഫ് എന്നാൽ അവർക്ക് ഒരു അർഥമേയുള്ളൂ, കേട്ടയുടൻ വാളെടുത്തു'; ഐ.എഫ്.എഫ്.കെ സിനിമ വിലക്കിൽ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേൽ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
‘ബീഫ്’ എന്ന പേരിലുള്ള സ്പാനിഷ് സിനിമക്ക് അനുമതി നിഷേധിച്ചു. അവർക്ക് ബീഫ് എന്നാൽ ഒരു അർഥമേയുള്ളൂ. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പിനെക്കുറിച്ച് പറയുന്ന ചിത്രത്തിന് ബീഫെന്ന ഭക്ഷണ പദാർഥവുമായി ഒരു ബന്ധവുമില്ല. ബീഫെന്നാൽ സ്പാനിഷിൽ പോരാട്ടം, കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫാണെന്ന് കരുതി വാളെടുക്കുകയായിരുന്നു കേന്ദ്ര സർക്കാർ. എത്ര പരിഹാസ്യമാണിത്. 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി.
പത്തോളം സിനിമകളുടെ പ്രദർശനം ആദ്യദിവസം റദ്ദാക്കേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 12 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചു. വിഖ്യാത സിനിമയായ ബാറ്റിൽഷിപ് പൊട്ടംകിൻ തടഞ്ഞു. വിദേശ സിനിമകളെക്കുറിച്ച് അറിവില്ലാത്തതാണ് ഇതിന് കാരണം. ഫലസ്തീൻ സിനികൾക്ക് പ്രദർശനം നിഷേധിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാകുന്നുണ്ട്.
ലോകക്ലാസിക് ആയ ബാറ്റിൽഷിപ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചു. ലോകസിനിമയെക്കുറിച്ചുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ നിർലജ്ജമായ പ്രകടനമായി വേണം നടപടിയെ കാണാൻ. ഏതൊക്കെ സിനിമാ പ്രവർത്തകർ കേരളത്തിൽ വരണം എന്നതിൽപോലും കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊക്കെ സിനിമ പ്രവർത്തകർ കേരളത്തിൽ വരണം എന്നതിൽപോലും കേന്ദ്രം കൈകടത്തുന്നു. പല അതിഥികൾക്കും യാത്രാനുമതി നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ അജ്ഞതകൊണ്ട് സംഭവിച്ച പിഴവല്ലിത്. ഐ.എഫ്.എഫ്.കെയെ ഞെരിച്ചുകൊല്ലാനുള്ള കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നടപടിയാണിത്. ഫാഷിസ്റ്റ് പ്രവണതകളോട് പൊരുതി, ഐ.എഫ്.എഫ്.കെ ഇവിടെത്തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ മൂന്ന് പതിറ്റാണ്ടുകളായി നിലനിർത്തുന്നത് കൊണ്ടാണ് ഐ.എഫ്.എഫ്.കെ രാജ്യത്ത് തന്നെ മികച്ച ചലച്ചിത്രമേളയായി തുടരുന്നത്. അതിജീവനത്തിനായി പോരാടുന്ന മൂന്നാംലോക രാജ്യങ്ങളുടെ സിനിമക്കൾക്കാണ് മേളയിൽ പ്രാധാന്യം നൽകുന്നത്, അഫ്രോ- ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ആണ് മത്സര ഇനത്തിൽ ഉൾപെടുത്താറുള്ളത്. സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപിടിക്കുന്ന മേളയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ടായിരുന്നു 1936 ലെ കഥ പറയുന്ന ഫലസ്തീൻ 36 ഉദ്ഘാടന ചിത്രമായത്. പലതസ്തീനെ അറബ് മേഖലയ്ക്ക് പുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യം ഇന്ത്യ ആയിരുന്നു എന്നത് ഇവിടെ ഓർക്കണം. ഫലസ്തീൻ പാക്കേജിന്റെ എല്ലാ ചിത്രങ്ങളും റദ്ദ് ചെയ്യുന്നതിലൂടെ പലസ്തിൻ വിഷയത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് മാറ്റമാണ് വ്യക്തമാക്കുന്നത്.
കറുത്ത വർഗ്ഗക്കാരുടെ പോരാട്ടങ്ങളെ ആദരിച്ചു കൊണ്ട് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ആഫ്രിക്കൻ സംവിധായിക കെല്ലി ഫൈഫ് മാർഷാലിന് നൽകിയ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നും ഇത്തരത്തിലുള്ള പുരോഗമന നിലപാടുകൾ കൈക്കൊണ്ട ഐ.എഫ്.എഫ്.കെയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുകളിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്രസർക്കാറിന്ൻറെ ഇപ്പോഴത്തെ നീക്കം. കേരളത്തിലെ സിനിമപ്രേമികളായ ഡെലിഗേറ്റുകളെ കൂടി കണ്ടുകൊണ്ടാണ് അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

