കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്
text_fieldsന്യൂഡൽഹി: കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ടൂറിസം - സാംസ്കാരിക മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചതാണിത്.
തഞ്ചാവൂർ ആസ്ഥാനമായുള്ള സൗത്ത് സോൺ കൾച്ചറൽ സെന്‍റർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 12 കളരിപ്പയറ്റ് പ്രദർശനങ്ങൾ നടത്തിയതായും സാംസ്കാരിക വകുപ്പിന് കളരിപ്പയറ്റിന്‍റെ പ്രോത്സാഹനത്തിനായി രണ്ട് പദ്ധതികൾ ഉള്ളതായും മന്ത്രി അറിയിച്ചു.
ഗുരു-ശിഷ്യ പരമ്പര, കൾച്ചറൽ ഫംങ്ഷൻ ആൻഡ് പ്രൊഡക്ഷൻ ഗ്രാൻഡ് എന്നിവയാണവ. ഗുരു-ശിഷ്യ പരമ്പര പ്രകാരം കളരി ഗുരുക്കന്മാർക്ക് മാസം 15,000 രൂപയും ശിഷ്യന്മാർക്ക് മാസം 10,000 രൂപയും ഗ്രാൻ്റ് ആയി അനുവദിക്കുന്നുണ്ട്.
കൾച്ചറൽ ഫംങ്ഷൻ ആൻഡ് പ്രൊഡക്ഷൻ ഗ്രാൻഡ് അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ സെമിനാറുകൾ, പ്രദർശനം, ഗവേഷണം എന്നിവ സംഘടിപ്പിക്കുന്നതിന് നൽകുന്നുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ 20 ലക്ഷം രൂപ വരെ നൽകുന്നുണ്ടെന്നും മന്ത്രി സമദാനിയെ അറിയിച്ചു.
കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളെ കുറിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.