കേന്ദ്ര സർക്കാർ പുരസ്‌കാരം കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിന്
text_fieldsകോട്ടയം ജില്ല ഭരണകൂടത്തിന്‍റെ വെബ്സൈറ്റ്
കോട്ടയം: കേന്ദ്ര സർക്കാറിന്‍റെ ഈ വർഷത്തെ 'ഡിജിറ്റൽ ഇന്ത്യ' ദേശീയ പുരസ്‌കാരം ജില്ല ഭരണകൂടത്തിന്‍റെ വെബ്സൈറ്റിന്. ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിനാണു ഡിജിറ്റൽ ഇന്ത്യ 'ഗോൾഡ്' പുരസ്‌കാരം ലഭിച്ചത്.
വെബ്‌സൈറ്റുകൾക്കായി കേന്ദ്ര സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്‌സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെ നേട്ടത്തിന് അർഹമായത്. ജനുവരി ആദ്യവാരം ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.
ജില്ലയിലെ പദ്ധതികളെക്കുറിച്ചും സർക്കാർ സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ജനങ്ങൾക്കും ജില്ല ഭരണകൂടത്തിനും ഇടയിലെ പാലംപോലെ പ്രവർത്തിക്കുന്നതായി കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജനങ്ങൾക്ക് പരാതി നൽകാനും പരിഹരിക്കാനും ഒരുക്കിയ സംവിധാനങ്ങളാണ് പുരസ്‌കാരത്തിന് ജൂറി പരിഗണിച്ച പ്രധാനഘടകങ്ങളിലൊന്നെന്ന് കലക്ടർ പറഞ്ഞു.
നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍ററാണ് വെബ്സൈറ്റ് പരിപാലിക്കുന്നത്. ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ ബീന സിറിൾ പൊടിപാറക്കാണ് മേൽനോട്ട ചുമതല. പുരസ്‌കാര ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനെത്തുടർന്ന് ഡിസംബർ എട്ടിന് ന്യൂഡൽഹിയിലെ ഇലക്ട്രോണിക്സ് നികേതനിൽ കലക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ ബീന സിറിൾ പൊടിപാറയും ജൂറിക്ക് മുന്നിൽ വെബ്സൈറ്റിന്‍റെ സവിശേഷത അവതരിപ്പിച്ചിരുന്നു.
സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഭിന്നശേഷി സൗഹൃദവുമായാണ് വെബ്‌സൈറ്റിന്‍റെ രൂപകൽപന. കാഴ്ചപരിമിതിയുള്ളവർക്കായി വലിയ അക്ഷരത്തിൽ കാണാനും വിവരങ്ങൾ കേൾക്കാനും സൗകര്യമുണ്ട്. മൊബൈൽ, ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ്സൈറ്റ് ലഭിക്കും. ഇരുഭാഷയിലും 153 പേജുകൾ വെച്ച് 306 പേജുകളുണ്ട്.
പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടക്കാനുള്ള ലിങ്കുകൾ, വോട്ടർ രജിസ്‌ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്‌ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടക്കൽ തുടങ്ങി നാൽപതോളം സേവനങ്ങളുണ്ട്. നൂറിലേറെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ടൂറിസത്തെ സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 'കോട്ടയം ടൂറിസം', 'എന്റെ ജില്ല' ആപ്പുകൾ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, ജനസംഖ്യാശാസ്ത്രം, കാലാവസ്ഥ എന്നിവയും വിശദമായി പ്രതിപാദിപ്പിക്കുന്നു. സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വിഡിയോ ഫോട്ടോ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

