അട്ടപ്പാടി ജലസേചന പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം
text_fieldsഅഗളി: അട്ടപ്പാടി ഇറിഗേഷൻ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് തിരിച്ചടി. പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകൾ നിർണയിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തിരികെ അയച്ചു. ഇതോടെ അട്ടപ്പാടിക്കാർ പതിറ്റാണ്ടുകളായി കാത്തിരുന്ന പദ്ധതി തുലാസ്സിലായി. കാവേരി ട്രൈബ്യൂണൽ വിധിയും സുപ്രീംകോടതി അനുമതിയും കേരളത്തിന് അനുകൂലമായിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി. തമിഴ്നാടുമായുള്ള തർക്കം പരിഹരിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകാനാകൂ എന്നതാണ് മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അറിയിച്ചത്.
25,000 ഏക്കർ കൃഷിഭൂമിയിൽ ജലസേചനത്തിനും ഒരു ലക്ഷത്തോളം പേരുടെ ശുദ്ധജലാവശ്യത്തിനും ഉപകാരപ്പെടാൻ ലക്ഷ്യമിട്ടാണ് 1970കളിൽ അട്ടപ്പാടി ജലസേചന പദ്ധതിക്ക് തുടക്കമിട്ടത്. 12 കോടിയിലേറെ രൂപ ഇതുവരെ ചെലവഴിച്ച പദ്ധതി 40 വർഷമായി അനക്കമറ്റ നിലയിലാണ്. കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിയനുസരിച്ച് ഭവാനി നദീതടത്തിൽ കേരളത്തിന് ആറ് ടി.എം.സി വെള്ളം ഉപയോഗിക്കാം. ട്രൈബ്യൂണലിൽ കേരളം 25 ടി.എം.സി വെള്ളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആറ് ടി.എം.സിയാണ് അനുവദിക്കപ്പെട്ടത്. ശിരുവാണിപ്പുഴയിൽനിന്ന് 2.87 ടി.എം.സി ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് നിർദിഷ്ട അട്ടപ്പാടി പദ്ധതി. വരഗാറിലെ അരളി, ഭവാനിയിലെ തൊഡ്ക്കി (0.57 ടി.എം.സി), പാന്തൻതോട് (0.29 ടി.എം.സി) എന്നീ പദ്ധതികളും കാവേരി ട്രൈബ്യൂണൽ ഉത്തരവുപ്രകാരം നടപ്പാക്കാവുന്നതാണ്.
മൈനർ ആൻഡ് ലിഫ്റ്റ് ഇറിഗേഷൻ ആവശ്യങ്ങൾക്ക് 1.28, ശുദ്ധജല വിതരണത്തിന് 0.09, വ്യവസായിക ആവശ്യങ്ങൾക്ക് 0.01, തോട്ടവിളകൾക്ക് 0.19 ടി.എം.സിയുമാണ് അനുവദിച്ചത്.
ആറ് ടി.എം.സി ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള കാലാവധി 2030ൽ അവസാനിക്കും. തമിഴ്നാടുമായി വേണ്ട ചർച്ചകൾ സർക്കാർ നടത്താത്തതാണ് നിലവിൽ പദ്ധതിക്ക് തിരിച്ചടിയായിട്ടുള്ളത്.
എന്നാൽ, ഇതുസംബന്ധിച്ച് തങ്ങൾക്ക് നിലവിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിൽ അഗളിയിൽ 22 ജീവനക്കാരുമായി എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ ഡിവിഷനും സബ്ഡിവിഷനും രണ്ടു സെക്ഷനും പ്രവർത്തിക്കുന്നുണ്ട്. അഗളിയിൽ പ്രധാന സ്ഥലത്ത് ഓഫിസ് കാമ്പസും ക്വാർട്ടേഴ്സുകളും ഐബിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

