കേന്ദ്ര ധനനയം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ധനനയം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. റവന്യൂ ഗ്രാന്റ് കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതും സംസ്ഥാനത്തിന്റെ വരുമാന സ്രോതസിനെ സാരമായി ബാധിച്ചുവെന്നും വി.ജോയി, ടി.പി രാമകൃഷ്ണൻ, കെ.വി സുമേഷ്, എൻ.കെ അക്ബർ എന്നിവർക്ക് നിയമസഭയിൽ മന്ത്രി മറുപടി നൽകി.
കേന്ദ്ര സർക്കാർ ഡിവിസിബിൾ പൂളിൽ സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതം കുറച്ചത് സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വിഹിതത്തിൽ കുറവിന് കാരണമായി. ഡിവിസിബിൾ പുളിൽ നിന്നും പത്താം ധനകാര്യ കമീഷന്റെ കാലത്ത് കേരളത്തിനു ലഭിച്ചുകൊണ്ടിരുന്നത് 3.875 ശഥമാനം വിഹിതമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലമായപ്പോൾ അത് 1.925 ശതമാനമായി കുറഞ്ഞു. ഇതിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് കേരളത്തിന്റെ വരുമാനത്തിൽ വർഷം തോറും കേന്ദ്രം വരുത്തുന്നത്.
2023-24 സാമ്പത്തിക വർഷം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 2022-23-നെ അപേക്ഷിച്ച് ഉണ്ടാവാൻ പോകുന്ന 8,400 കോടി രൂപയുടെ കുറവാണ്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ നഷ്ടപ്പെടുന്ന ഏകദേശം 5700 കോടി രൂപയുടെ വിഭവനഷ്ടവും സംസ്ഥാനത്തിന് ഉണ്ടാകും.
ഇതിനു പുറമെ സംസ്ഥാന പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങൾ അവരുടെ സ്വന്തം നിലക്ക് എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിന്റെ ഭാഗമാണെന്ന തെറ്റായ നിലപാട് സ്വീകരിച്ച് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വലിയ രീതിയിലുള്ള കുറവാണു കേന്ദ്രസർക്കാർ വരുത്തിയത്. കോവിഡ്' മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറി വളർച്ചയുടെ പാതയിൽ എത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കേന്ദ്ര സർക്കാരിന്റെ ഈ ധനനയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

