കേന്ദ്ര പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കണം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരത്ത് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ഓഫിസ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ നിരന്തരമായ അവഗണനാ സമീപനം അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഇല്ലാതാക്കിയ പ്രവാസി മന്ത്രാലയം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പുനരധിവാസം സർക്കാരുകളുടെ മോഹനമായ വാഗ്ദാനങ്ങളിൽ മാത്രം പരിമിതപ്പെടുന്നുവെന്നത് വളരെ ഖേദകരമാണ്. പ്രവാസലോകത്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ മറ്റു രാജ്യക്കാർക്ക് ലഭിക്കുന്നതിനേക്കാൾ വളരെ തുച്ഛമാണ്. ഈ വിഷയത്തിൽ സർക്കാറുകൾ സാരമായ മാറ്റങ്ങൾക്ക് സന്നദ്ധരാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ നടപ്പാക്കിയ പരിമിതമായ ക്ഷേമ പദ്ധതികൾ പോലും കെടുകാര്യസ്ഥതയുടെയും അഴിമതികളുടെയും ആരോപണങ്ങൾ കൊണ്ട് കളങ്കിതമാണ്. ഇന്ത്യൻ പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുടർച്ചയായ അവഗണനാ സമീപനത്തിൽ മാറ്റങ്ങൾക്ക് സന്നദ്ധരാവുന്നില്ലെങ്കിൽ പ്രവാസി സമൂഹത്തെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പ്രവാസി വെൽഫെയർ ഫോറം നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്‍റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് കെ.എ. ശഫ്രിൻ, വിമൺ ജസ്റ്റീസ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ വി.എ. ഫായിസ, എം.എച്ച്. മുഹമ്മദ്, എൻ.എം. അൻസാരി, സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, വൈസ് പ്രസിഡന്‍റ് എം.കെ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.