കേന്ദ്ര ബജറ്റ്: കേരളത്തോടുള്ള അവഗണന പ്രതിഷേധാര്‍ഹം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കേരളത്തോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വിവേചനം കൂടുതല്‍ പ്രകടമാക്കുന്നതാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എസ്.ഡി.പി.ഐ. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഇത്തവണയും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ വയനാടിന് 2,000 കോടി, വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടി, വന്യജീവി പ്രശ്നം പരിഹരിക്കാന്‍ 1,000 കോടി, പ്രവാസി ക്ഷേമത്തിന് 300 കോടി, സ്‌കീം വര്‍ക്കേഴ്സ് കൂലി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതിനെ കുറിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ല. കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പോലും പരിഗണിക്കപ്പെട്ടില്ല.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതുമാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. കോര്‍പറേറ്റുകളെയും മധ്യവര്‍ഗ വിഭാഗങ്ങളെയും പരമാവധി പ്രീണിപ്പിക്കുക എന്നതിലപ്പുറം ദേശീയ വിഭവങ്ങള്‍ നീതിപൂര്‍വം വിതരണം ചെയ്യുകയെന്ന അടിസ്ഥാന താല്‍പ്പര്യം പോലും ബലികഴിക്കപ്പെട്ടിരിക്കുന്നു. കാര്‍ഷിക മേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയുമില്ല.
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ബജറ്റിലില്ല. കേന്ദ്ര ഭരണം നിലനിര്‍ത്തുകയെന്ന ഏക അജണ്ട മാത്രം മുന്നില്‍ വെച്ച് ബിഹാറിന് വാരിക്കോരി നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറലിസത്തെ പാടെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

