ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ തയാറാകണം -ഫ്രറ്റേണിറ്റി പ്രക്ഷോഭ സംഗമം
text_fieldsകൊച്ചി: സാമൂഹികനീതിയുടെ ജനസംഖ്യാനുപാതിക വിതരണം സാധ്യമാകാൻ ജാതി സെൻസസ് നടപ്പാക്കുന്നതിന് കേന്ദ്ര-കേരള സർക്കാറുകൾ തയാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കൊച്ചിയിൽ സംഘടിപ്പിച്ച പ്രക്ഷോഭസംഗമം ആവശ്യപ്പെട്ടു. മുൻമന്ത്രി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. പഠനങ്ങൾ നടത്താതെ വോട്ട് ലഭിക്കുന്നതിനായി മെയ്തി വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തിയ ബി.ജെ.പി നടപടിയാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുന്നതിലുള്ള സംഘ്പരിവാറിന്റെ ഭീതിയാണ് രഥയാത്രയിലും ബാബരി ധ്വംസനത്തിലും കലാശിച്ചത്. കേരളത്തിൽ ഒ.ബി.സികൾക്ക് ഉപകാരപ്പെടുമായിരുന്ന നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് തടയാൻ എൻ.എസ്.എസുമായി ചേർന്ന് യു.ഡി.എഫ് ഉണ്ടാക്കിയ തട്ടിപ്പായിരുന്നു നരേന്ദ്രൻ പാക്കേജ് എന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിയമ തടസ്സമില്ലാതിരിക്കെ കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും നിലപാടാണ് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രക്ഷോഭസംഗമം അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, ആക്ടിവിസ്റ്റും സംവരണ വിദഗ്ധനുമായ സുദേഷ് എം. രഘു, എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പയ്യന്നൂർ ഷാജി, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ, സുരേന്ദ്രൻ കരിപ്പുഴ (വെൽഫെയർ പാർട്ടി), റോയ് അറയ്ക്കൽ (എസ്.ഡി.പി.ഐ) എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത് സ്വാഗതവും ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

