കേന്ദ്ര ഏജൻസികളുടെ ശ്രമം വികസന അട്ടിമറി –വിജയരാഘവൻ
text_fieldsമലപ്പുറം: സ്വർണക്കടത്തിന് പിന്നിൽ ആരാണെന്ന സത്യമറിയാനുള്ള താൽപര്യത്തിെൻറ ഭാഗമായാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞു. എന്നാൽ, അത് കണ്ടെത്താനല്ല, രാഷ്ട്രീയ എതിരാളികളെ തകർക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ഉപയോഗപ്പെടുത്തുന്നത്.
കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും മലപ്പുറം പ്രസ്ക്ലബിൽ 'മീറ്റ് ദ ലീഡർ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും കേന്ദ്ര ഏജൻസികളും ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണം അട്ടിമറിക്കാനും ശ്രമമുണ്ട്. ഇതിനെതിരെയാണ് നവംബർ 25ന് നടക്കുന്ന പ്രക്ഷോഭം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികവാർന്ന മുന്നേറ്റം നടത്തുമെന്ന് ആത്മവിശ്വാസമുണ്ട്.
അഴിമതിയും വർഗീയതയും വളർത്താനാണ് മുസ്ലിം ലീഗ് അധികാരം ഉപയോഗിക്കുന്നത്. അവരുടെ രണ്ട് എം.എൽ.എമാർ അറസ്റ്റിലായിട്ടും അവരെ ന്യായീകരിക്കുന്നു. നിരവധി നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ശിഷ്യത്വം സ്വീകരിച്ച് മതമൗലികവാദികളുമായി സഖ്യത്തിലേർപ്പെടുകയാണ് ലീഗ്.
മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടേണ്ടത് ന്യൂനപക്ഷ ഏകീകരണത്തിലൂടെയല്ല. അത് സംഘ്പരിവാറിന് കൂടുതൽ കരുത്തുനൽകും. ബിഹാർ തെരഞ്ഞെടുപ്പിൽ തീവ്ര മതമൗലികവാദികളുടെ നീക്കം മതേതര കക്ഷികളുടെ പരാജയ കാരണങ്ങളിലൊന്നാണ്.
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യു.പി സർക്കാർ സ്വീകരിക്കുന്ന നിലപാട് തീവ്ര ഹിന്ദുത്വ വിഭാഗക്കാരെ സഹായിക്കുന്നതാണ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.