ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ സുപ്രീംകോടതിയെ സമീപിച്ചു. കസ്റ്റംസ് കമീഷണർ, സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ ജനറൽ, കോഫെപോസ ജോയൻറ് സെക്രട്ടറി എന്നിവർ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് വ്യക്തമാക്കിയാണ് സ്വപ്നയുടെ മോചനത്തിന് ഹൈകോടതി ഉത്തരവിട്ടത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി കരുതൽ തടങ്കൽ റദ്ദാക്കിയതെന്നും കൊഫെപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ബോധിപ്പിച്ചു. സ്വപ്ന സുരേഷ് തുടർന്നും കള്ളക്കടത്തിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കരുതൽ തടങ്കലിലാക്കിയത്. രാജ്യത്തിെൻറ സാമ്പത്തികഭദ്രതകൂടി കണക്കിലെടുത്ത നടപടിയാണിതെന്നും ഏജൻസികൾ ബോധിപ്പിച്ചു.