സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം എതിരല്ല-വി. അബ്ദുറഹിമാൻ
text_fieldsതിരുവനന്തപുരം : സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ എതിരല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. 2024 ഒക്ടോബർ 16 ന് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം എതിരല്ലെന്ന് അറിയിച്ചിട്ടുണ്ട്.
സിൽവർലൈൻ പദ്ധതിക്ക് നിക്ഷേപപൂർവ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനു തത്വത്തിലുള്ള അംഗീകാരം കേന്ദ്ര റെയിൽ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിരുന്നു. തുടർന്ന് സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് കെ.ആർ.ഡി.സി.എൽ പൂർത്തീകരിക്കുകയും 2020 ജൂൺ 17ന് റെയിൽവേ മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തു.
ഡി.പി.ആർ അവലോകനത്തിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട അധിക വിവരങ്ങൾക്ക് സ്പഷ്ടീകരണം നൽകുകയും ചെയ്തിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തിലുൾപ്പെടെ ഉന്നതതല യോഗങ്ങളും കത്തിടപാടുകളും റെയിൽവേയുമായി നടത്തിവരുന്നുണ്ട്.
റെയിൽവേയിൽ നിന്നും അന്തിമാനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുടെ തുടർ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാം. സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ്റ് ഉൾപ്പെടെയുള്ള വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേക്കു അന്തിമാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് നിലവിൽ റെയിൽവേ ബോർഡിന്റെ പരിശോധനയിലാണ്.
വിശദമായ പദ്ധതി റിപ്പോർട്ട് അനുസരിച്ച് സിൽവർ ലൈൻ പദ്ധതിക്കായി 63,941 കോടി രൂപയാണ് കണക്കാക്കുന്നത്. റെയിൽ മന്ത്രാലയം-3,125 കോടി(4.98%), കേരള സർക്കാർ-3,253 കോടി(5.09%), പൊതു പങ്കാളിത്ത നിക്ഷേപം-4,252 കോടി(6.65%), അന്താരാഷ്ട്ര വായ്പ-33.700 കോടി(52.70%) എന്നിങ്ങനെയാണ് പദ്ധതിയുടെ മൂലധനം.
സബോർഡിനേറ്റ് ഡബ്റ്റ് ചെലവ് ഇങ്ങനെ-കേന്ദ്ര സർക്കാർ (നികുതി ഇളവ്)-3189 കോടി(4.99%), കേരള സർക്കാർ (നികുതി ഇളവ്)-2896 കോടി(4.53%), കേരള സർക്കാർ -സ്ഥലമേറ്റെടുപ്പിനുള്ള ചിലവ് (ഭൂമി, ഇ.ഐ.എ, ആർ.ആർ)-11,837 കോടി(18.51%) ജെ.ഡി.എ (ഭൂഉടമകൾക്കായുള്ള ഡെഫേർഡ് പെയ്മെന്റ് സ്കീം)-1,525 കോടി(2.39%), നിർമാണ കാലഘട്ടത്തിലെ വായ്പ പലിശ കേരള സർക്കാർ-164 കോടി(0.26%) എന്നിങ്ങനെയാണ് ആകെ 63,941 കോടിരൂപ കണക്കാക്കുന്നതെന്നും സേവ്യർ ചിറ്റിലപ്പള്ളി. കെ.കെ ശൈലജ, സി.എച്ച് കുഞ്ഞമ്പു എന്നിവർക്ക് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

