കേന്ദ്രം ലേബർ കോഡ് അടിച്ചേൽപിക്കുന്നു: 26ന് ദേശീയ പ്രക്ഷോഭം -എളമരം കരീം
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാർ ‘ശ്രം ശക്തി നീതി 2025’ എന്ന പേരിൽ മാറ്റംവരുത്തിയ ലേബർ കോഡുകൾ തൊഴിലാളിവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇതിനെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ 26ന് ദേശീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ബി.എം.എസ് ഒഴികെ യൂനിയനുകൾ പ്രക്ഷോഭത്തിൽ പങ്കെടുക്കും.
ട്രേഡ് യൂനിയനുകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ 29 തൊഴിൽ നിയമങ്ങൾ മാറ്റംവരുത്തിയാണ് ലേബർ കോഡ് നടപ്പാക്കുന്നത്. എട്ട് മണിക്കൂർ ജോലി തത്ത്വം കാറ്റിൽപറത്തുന്നതും വിശ്രമം നിഷേധിക്കുന്നതുമാണ് പുതിയ പരിഷ്കാരങ്ങൾ. സ്ഥാപനങ്ങളിൽ ട്രേഡ് യൂനിയനുകളുടെ പ്രവർത്തനം ഇല്ലാതാവും. അവകാശ നിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവകാശമുണ്ടാവില്ല. ജോലി സുരക്ഷിതത്വം പൂർണമായും ഇല്ലാതായി.
300ൽ താഴെ സ്ഥിരം ജീവനക്കാരുള്ള സ്ഥാപനങ്ങൾ സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ഏത് സമയവും ഉടമകൾക്ക് പൂട്ടാൻ കഴിയും. മാധ്യമപ്രവർത്തകർക്കടക്കം വേജ്ബോർഡുകൾ ഇല്ലാതാവും. സി.ഐ.ടി.യു പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

