സെൻസസ്; ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം
text_fieldsകോട്ടയം: സെൻസസ് -2027ന്റെ ഭാഗമായി ജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. ജൂൺ 30 വരെയാണ് ഇതിനുള്ള സമയം. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുമ്പ് വ്യക്തികൾക്ക് കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാം. ഏകദേശം 15-20 മിനിറ്റിനുള്ളിൽ ഇതു പൂർത്തിയാക്കാനാവും.
രജിസ്റ്റർ ചെയ്യേണ്ട വിധം
- https://se.census.gov.in സന്ദർശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക.
- വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-എന്യുമറേഷൻ ഐ.ഡി (എസ്.ഇ.ഐ.ഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐ.ഡി കൈമാറിയാൽ മതി. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
- ജൂൺ 30-നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്- എന്യുമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല.
അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. ജൂലൈ ഒന്നുമുതൽ 30വരെയാണ് ഉദ്യോഗസ്ഥർ വീടുകളിലേക്ക് എത്തുക. സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ല കലക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. വിശദമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പോർട്ടലിൽ യൂസർ ഗൈഡും ലഭ്യമാണ്.
സെൻസസ് പരിശീലന പരിപാടി
കോട്ടയം: സെൻസസ് 2027ന്റെ ഭാഗമായി ജില്ല- താലൂക്ക് തല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. രണ്ടു ബാച്ചായി നടന്ന പരിശീലനത്തിന്റെ സമാപനച്ചടങ്ങിൽ എ.ഡി.എം ലിറ്റി ജോസഫ്, പാലാ ആർ.ഡി.ഒ ഇ. മുഹമ്മദ് സഫീർ, സെൻസെസ് ഡയറക്ടറേറ്റിലെ ഇൻവെസ്റ്റിഗേറ്റർ വി.പി. ഷിബി എന്നിവർ സംസാരിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ അശ്വതി ജോസഫ്, അഞ്ജിത റാണി എന്നിവർ നേതൃത്വം നൽകി.
സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെൻസസാണിത്. രാജ്യത്ത് ആദ്യമായി ഡിജിറ്റലായി നടത്തുന്ന സെൻസസ് ആണ് ഇത്തവണ. ജൂൺ 16 മുതൽ ജൂലൈ 30 വരെയും 2027 ഫെബ്രുവരി ഒന്നുമുതൽ 28വരെയും രണ്ടു ഘട്ടമായാണ് സെൻസസ്. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ ഫെബ്രുവരി ഒന്നു മുതൽ 28വരെ നടക്കും. സെൻസസ് നടപടികൾ പൂർത്തിയായാൽ 2027 ഫെബ്രുവരി 28ന് അർധരാത്രിയിലെ ജനസംഖ്യയും വിവരങ്ങളുമാണ് പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

