ആദ്യം മൂകത, പിന്നെ ആഹ്ലാദം; വിജയാരവത്തിൽ ഇന്ദിര ഭവൻ
text_fieldsതിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ വോട്ടെണ്ണലിന്‍റെ ആകാംക്ഷയിലായിരുന്നു കെ.പി.സി.സി ആസ്ഥാനം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങിയെങ്കിലും ഒമ്പതരയോടെയാണ് പ്രവർത്തകർ എത്തിത്തുടങ്ങിയത്. പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും അൽപസമയം കഴിഞ്ഞെത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ഒരുപിടി നേതാക്കളും പ്രവർത്തകരും ഫലസൂചനകൾ ചാനലിൽ കണ്ടു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാണ് ഫലം വീക്ഷിച്ചത്. സാധാരണ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ മുറിയിലിരുന്നാണ് നേതാക്കളും പ്രവർത്തകരും മാധ്യമപ്രവർത്തകരും ഫലം കാണുന്നത്. എന്നാൽ, ചൊവ്വാഴ്ച നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ഇരുന്ന് കാണാൻ സൗകര്യത്തിന് പ്രധാന ഹാളിലാണ് സൗകര്യമൊരുക്കിയത്.
തൃശൂരിൽ സുരേഷ് ഗോപി ലീഡുറപ്പിച്ചപ്പോൾ ആകെ മൂകതയായി. കെ. മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പോയതും നെഞ്ചിടിപ്പ് കൂട്ടി. നിസ്സാര വോട്ടിന് ലീഡ് ചെയ്ത തരൂരിനെ മറികടന്ന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കുതിച്ചതോടെ പിരിമുറുക്കത്തിലായി. 23,228 വോട്ടിലേക്ക് രാജീവിന്‍റെ ലീഡെത്തിയപ്പോൾ ശ്മശാനമൂകത. അര മണിക്കൂറോളം ലീഡ് തുടർന്നത് ആശങ്ക കൂട്ടി. അടക്കിപ്പിടിച്ച ചില സംസാരങ്ങളൊഴിച്ചാൽ തികഞ്ഞ പിരിമുറുക്കത്തിന്റെ അന്തരീക്ഷം. 1.25ഓടെ തരൂർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ വീണ്ടും ആഹ്ലാദമായി. 15,974 വോട്ടിലേക്ക് ഭൂരിപക്ഷം എത്തിയപ്പോൾ കരഘോഷത്തോടെ മുദ്രാവാക്യങ്ങളുയർന്നു. മുഷ്ടികൾ മാനത്തേക്കുയർന്നു.
കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിയും കെ. സുധാകരനും ടെലിവിഷനിൽ മിന്നിമറയുമ്പോൾ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ഉച്ചയൂണിനായി വീട്ടിലേക്ക് പോകാനിറങ്ങിയ ചെന്നിത്തലും ഹസനും ചേർന്ന് മധുരവിതരണം നടത്തി. മൂന്നരയോടെ വിജയശ്രീലാളിതനായി എത്തിയ തരൂരിനെ പ്രവർത്തകർ തോളിലേറ്റി ആഘോഷപൂർവം ഓഫിസിലെത്തിച്ചു.
മുൻ സ്പീക്കർ എൻ. ശക്തനടക്കമുള്ളവരുമായി തരൂരിന്‍റെ ആശയവിനിമയം. പുറത്ത് ബാൻഡ് മേളത്തോടെ പടക്കം പൊട്ടിച്ച് ആഘോഷം. പത്ത് മിനിറ്റ് കഴിഞ്ഞ് തരൂർ മടങ്ങിയതോടെ ആഘോഷങ്ങൾക്ക് പര്യവസാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

