Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അതിദാരിദ്ര്യ...

‘അതിദാരിദ്ര്യ നിർമാർജനം ആഘോഷിക്കുന്നത് യാഥാർഥ്യങ്ങളെ തമസ്ക്കരിക്കുന്ന അപകടകരമായ കീഴ്വഴക്കം’

text_fields
bookmark_border
‘അതിദാരിദ്ര്യ നിർമാർജനം ആഘോഷിക്കുന്നത് യാഥാർഥ്യങ്ങളെ തമസ്ക്കരിക്കുന്ന അപകടകരമായ കീഴ്വഴക്കം’
cancel

സംസ്ഥാന സർക്കാറിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന്റെ പ്രശ്നങ്ങളും പരിമിതികളും അപകടങ്ങളും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്. സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമായ കുറിപ്പുകൾ പങ്കുവെക്കുന്ന എഴുത്തുകാരൻ സി.എൻ ജയരാജനാണ് ഫേസ്ബുക്കിൽ ഇതു സംബന്ധിച്ച വിശകലനം നടത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

കേരളം ‘അതിദാരിദ്ര്യ മുക്തമായി’ എന്നു പ്രഖ്യാപിക്കപ്പെടുമ്പോൾ ആ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം, ഉപയോഗിച്ച അളവുകോലുകൾ, അത് ഒഴിവാക്കാൻ സാധ്യതയുള്ള വസ്തുതകൾ എന്നിവ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ഇത് ഐക്യരാഷ്ട്രസഭയോ കേന്ദ്ര സർക്കാരോ രൂപകൽപന ചെയ്തതല്ല. കേരള സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGD) വഴി, സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരു മൈക്രോ-ലെവൽ സർവേയുടെ അടിസ്ഥാനത്തിലാണിത്.

2021ൽ ആരംഭിച്ച ഈ പ്രക്രിയയിൽ വാർഡ് തലത്തിലുള്ള ജനകീയ സമിതികൾ, ഉദ്യോഗസ്ഥർ, കമ്യൂണിറ്റി വളന്റിയർമാർ എന്നിവർ വീടുകൾ സന്ദർശിച്ച്, ചില പ്രത്യേക മാനദണ്ഡങ്ങൾ (ഉദാഹരണത്തിന്: ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നിവയിൽ കടുത്ത പ്രതിസന്ധി നേരിടുന്നവർ) അടിസ്ഥാനമാക്കി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി. ഏകദേശം 64,006 കുടുംബങ്ങളെയാണ് (ഏകദേശം 1.9 ലക്ഷം ആളുകൾ) ഇത്തരത്തിൽ അതിദരിദ്രരായി കണ്ടെത്തിയത്.

നവംബർ ഒന്നിന് ‘അതിദാരിദ്ര്യം തുടച്ചുനീക്കി’ എന്ന് പ്രഖ്യാപിക്കുമ്പോൾ, സർക്കാർ അർത്ഥമാക്കുന്നത് ഈ പ്രത്യേക ലിസ്റ്റിൽ ഉൾപ്പെട്ട 64,006 കുടുംബങ്ങളെ സർക്കാർ പദ്ധതികൾ വഴി (റേഷൻ, മരുന്ന്, ധനസഹായം, വീട് മുതലായവ) ആ നിർവചിക്കപ്പെട്ട അവസ്ഥയിൽ നിന്ന് കരകയറ്റി എന്നാണ്. അതു കൊണ്ടു തന്നെ ഇത്തരം കൊട്ടിഘോഷങ്ങൾ അരുതാത്തതാണ്. കാരണം, ഇതൊരു തകരാറ് പിടിച്ച കീഴ് വഴക്കമാണ്.

ഏതൊരു ടാർഗെറ്റഡ് സർവേയുടെയും പ്രധാന വെല്ലുവിളി ‘വിട്ടുപോകൽ’ അഥവാ ‘Exclusion Error’ ആണ്. കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണെങ്കിലും സ്ഥിരമായ മേൽവിലാസമില്ലാത്ത ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ ഈ സർവേയിൽ പൂർണ്ണമായും ഉൾപ്പെട്ടിട്ടുണ്ടാകില്ല. നഗരങ്ങളിൽ അന്തിയുറങ്ങുന്ന, ഒരു റേഷൻ കാർഡോ വിലാസമോ ഇല്ലാത്ത ആളുകളെ ഈ സർവേ എത്രത്തോളം കൃത്യമായി കണ്ടെത്തി എന്നു പറയാനാകില്ല. മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, ഒറ്റക്ക് താമസിക്കുന്ന വയോധികർ എന്നിവരിൽ പലരും ഈ ജനകീയ സ്ക്രീനിംഗിൽ നിന്ന് വിട്ടു പോവാൻ സാദ്ധ്യതയുണ്ട്.

നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index - MPI) അനുസരിച്ച് കേരളത്തിൽ 0.55% ആളുകൾ (ഏകദേശം 1.8 ലക്ഷം പേർ) ദരിദ്രരാണ്. ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിൽ പോലും, ‘പൂജ്യം’ അല്ല. അതിദരിദ്രരുടെ പട്ടികയിൽ വന്നിട്ടില്ലെങ്കിൽ പോലും അവർ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ്, ജീവിതനിലവാരത്തിലെ കുറവ് എന്നിവ അനുഭവിക്കുന്നവരാണ്.

ഇതു തന്നെ വളരെ തെറ്റായ കണക്കാണ്. ഉദാഹരണത്തിന്, അതിദാരിദ്ര്യം അനുഭവിക്കുന്ന 4.58 ലക്ഷം ആദിവാസികളുണ്ടെന്നാണ് സെൻസസ് പറയുന്നത്. അപ്പോൾ കേരളത്തിലെ പൊതു അവസ്ഥ ഇതിലും മോശമായിരിക്കും എന്നത് വ്യക്തമാണ്. കേരളത്തിന്റെ പൊതു സൂചികകൾ എപ്പോഴും മറച്ചുവെക്കുന്ന വസ്തുതാപരമായ കാര്യങ്ങളാണ് ആദിവാസി, തീരദേശ, തോട്ടം മേഖലകൾ അടങ്ങുന്ന പാർശ്വവൽകൃത മേഖലകളിലേത്.

64,006 പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പറയുമ്പോൾ, അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് അർത്ഥമില്ല. ഉദാഹരണത്തിന്, ദിവസവും ഭക്ഷണം കിട്ടുന്നുണ്ടാവാം. പക്ഷെ അത് പോഷകസമൃദ്ധമാകണമെന്നില്ല. തലചായ്ക്കാൻ ഇടം കിട്ടിയിട്ടുണ്ടാവാം. പക്ഷെ അത് സുരക്ഷിതമായ പാർപ്പിടമാകണമെന്നില്ല.

അതിജീവനത്തിന്റെ ഏറ്റവും താഴ്ന്ന പടിയിൽ നിന്ന് തൊട്ടുമുകളിലെ പടിയിലേക്ക് മാറ്റുന്നതിനെ ‘ദാരിദ്ര്യ നിർമ്മാർജ്ജനം’ എന്ന് ആഘോഷിക്കുന്നത് യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുകയാണ് ചെയ്യുന്നത്.

സർക്കാർ ‘അതിദാരിദ്ര്യം ഇല്ലാതാക്കി’ എന്ന് പ്രഖ്യാപിക്കുമ്പോഴും, അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസി ഊരുകളിൽ ശിശുമരണങ്ങളും, പോഷകാഹാരക്കുറവും, വിളർച്ചയും (Anemia) അതിരൂക്ഷമായി തുടരുന്നു. ഭൂരഹിതരായ ആദിവാസികൾ ഇപ്പോഴും സമരങ്ങളിലേർപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അവരുടെ ദാരിദ്ര്യം കേവലം വരുമാനത്തിന്റെയോ ഭക്ഷണത്തിന്റെയോ മാത്രം കുറവല്ല, മറിച്ച് ഭൂമി, അധികാരം, സാംസ്കാരികമായ അതിജീവനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ നടത്തുന്ന ഏത് ‘ദാരിദ്ര്യ നിർമാർജ്ജന’ പ്രഖ്യാപനവും ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം അർത്ഥശൂന്യമാണ്.

തീരദേശ ജനതയുടെ ഭവന സുരക്ഷ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തൊഴിൽ നഷ്ടം, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം എന്നിവ മൂലമുണ്ടാകുന്ന ദാരിദ്ര്യം എന്നിവ അതിദാരിദ്ര്യ സർവേയുടെ ഇടുങ്ങിയ നിർവചനങ്ങൾക്ക് പുറത്താണ്.

ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന പ്രതിദിന വരുമാന പരിധി എന്നത് ഒരു മനുഷ്യന് ജീവൻ നിലനിർത്താൻ വേണ്ട ഏറ്റവും കുറഞ്ഞ തുക മാത്രമാണ്. അതിനെ ‘ദാരിദ്ര്യ രേഖ’ എന്നതിലുപരി ‘പട്ടിണി രേഖ’ (Destitution Line) എന്ന് വിളിക്കുന്നതാണ് ശരി. ഒരു വ്യക്തിക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, സാംസ്കാരിക ജീവിതം എന്നിവക്ക് പണം കണ്ടെത്താൻ ഈ തുക മതിയാവില്ല. ഈ കണക്കുകൾ പോലും ഇത്തരത്തിൽ ക്രൂരവും വിവേചനപരവുമാണ് എന്നിരിക്കെയാണ് അതിദാരിദ്ര്യക്കണക്ക് എന്ന തരത്തിൽ ഒന്നിനെ പരിഹരിച്ചതായി പറയുന്നത്.

മുതലാളിത്ത വ്യവസ്ഥിതിയും അതിനെ പിന്തുണക്കുന്ന സൂചികകളും എപ്പോഴും കേവല ദാരിദ്ര്യത്തെ (അതായത്, അതിജീവനത്തിനുള്ള മിനിമം സൗകര്യം) മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഊന്നൽ നൽകുന്നത് ‘ആപേക്ഷിക ദാരിദ്ര്യ’ത്തിനാണ്. അതായത്, സമൂഹത്തിലെ ഏറ്റവും ധനികനും ഏറ്റവും ദരിദ്രനും തമ്മിലുള്ള അന്തരം (Inequality).

ഒരു വ്യക്തിക്ക് റേഷൻ കിട്ടുന്നില്ല എന്നതല്ല, മറിച്ച് എന്തുകൊണ്ട് ഒരു വിഭാഗം ആളുകൾക്ക് മാത്രം റേഷൻ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നു എന്നതാണ് സോഷ്യലിസ്റ്റ് വിശകലനം ഉന്നയിക്കുന്ന ചോദ്യം. സമ്പത്തിന്റെ നീതിയുക്തമായ വിതരണം (Redistribution of Wealth) നടക്കാത്തിടത്തോളം, ദാരിദ്ര്യം ഒരു ഘടനാപരമായ പ്രശ്നമായി (Structural Problem) തുടരും.

സർക്കാർ അതിദരിദ്രരെ കണ്ടെത്തി ‘സഹായം’ നൽകുന്നത് ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ്. എന്നാൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ ഭക്ഷണം, പാർപ്പിടം, ആരോഗ്യം എന്നിവ സഹായങ്ങളല്ല, മറിച്ച് പൗരന്റെ അടിസ്ഥാന അവകാശങ്ങളാണ്. അതിൽ ആഘോഷിക്കപ്പെടേണ്ട ഒന്നുമില്ല.

സമ്പത്ത് ചിലരിൽ മാത്രം കുന്നുകൂടാൻ അനുവദിക്കുകയും, അതിൽ നിന്ന് ഒരു ചെറിയ വിഹിതം ‘സഹായമായി’ നൽകി ദാരിദ്ര്യത്തെ ‘മാനേജ്’ ചെയ്യുകയുമാണ് സർക്കാർ ചെയ്യുന്നത്. അല്ലാതെ ദാരിദ്ര്യത്തിന് കാരണമാകുന്ന സാമ്പത്തിക ഘടനയെ മാറ്റുകയല്ല എന്നതും കാണേണ്ടതുണ്ട്.

സോഷ്യലിസത്തെ കുറിച്ച് ഇവിടെ എഴുതിയത് രാജ്യത്തിന്റെ ഭരണഘടനയിലെ ആമുഖത്തിലും ഇവിടുത്തെ ഇടതുപക്ഷ വിഭാഗങ്ങളുടെ അവകാശ വാദങ്ങളിലും വരുന്ന ആശയമെന്ന നിലയിലാണ്. ഈ ആഘോഷങ്ങൾ എവിടെ നിൽക്കുന്നു എന്ന് കാണിക്കാൻ ഇതൊക്കെ ഉപകരിക്കും.

ഈ അതിദരിദ്ര കണക്ക് ഉണ്ടാക്കാൻ ഉപയോഗിച്ച അളവുകോൽ ആശ്രയിക്കുന്നത് ലോക ബാങ്കിന്റെ സൂചികകളെയാണ്. അതു പോലെ നീതി ആയോഗിന്റെ ബഹുതല ദാരിദ്ര്യക്കണക്കിൽ കൂടുതൽ നിബന്ധനകൾ ചേർത്ത് ഉണ്ടാക്കിയതാണ്.

വളരെ നിർണ്ണായകമായ മറ്റൊരു കാര്യം അതിദരിദ്രരെ നിർണ്ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോർട്ടും കേരളത്തിലെ വിദഗ്ദ്ധരടങ്ങുന്ന പൊതു ജന സമക്ഷം അഭിപ്രായങ്ങൾക്കായി വെച്ചിട്ടില്ല എന്നതാണ്.

കേരളത്തിൽ അന്ത്യോദയ അന്ന യോജന എന്ന കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ഏതാണ്ട് 5.29 – 5.92 അതി ദരിദ്ര കുടുംബങ്ങൾക്ക് മഞ്ഞ റേഷൻ കാർഡ് ഉണ്ട്. ദേശീയ സുരക്ഷാ ഭക്ഷ്യ നയം അനുസരിച്ച് ഇവർക്ക് അരിയും ഗോതമ്പും ലഭ്യമാകുന്നുമുണ്ട്.

കേരളം അതിദരിദ്രരെ ഒഴിവാക്കി എന്നും പറഞ്ഞ് ആഘോഷം നടത്തിയാൽ അതിനെ ആധാരമാക്കിക്കൊണ്ട് സംഘഫാസിസ്റ്റ് ഭരണകൂടം കേരളത്തിന് ഇപ്പോൾ തരുന്ന സൌജന്യ സഹായങ്ങൾ വെട്ടിക്കുറക്കാനുള്ള അപകടം നമ്മുടെ മുന്നിൽ നിൽക്കുന്നുണ്ട്.

കേരളത്തിൽ നടക്കുന്ന ഏതൊരു ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനവും അടിസ്ഥാന വിഷയങ്ങളെയാണ് ആധാരപ്പെടുത്തേണ്ടത്. ഇത്തരം ആഘോഷങ്ങൾ അപകടകരങ്ങളും അപലപനീയവുമാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtfacebook postDangerousEradication of extreme poverty
News Summary - ‘Celebrating the eradication of extreme poverty is a dangerous subservience that obscures the realities’
Next Story