സംവരണത്തിലെ മേൽത്തട്ട് പരിധി: പട്ടികവിഭാഗങ്ങളുടെ പ്രതിഷേധ സാഗരം ഡിസംബർ 10 ന്
text_fieldsതിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും, ഉപവർഗീകരണത്തിനും എതിരെ പട്ടികജാതി-പട്ടിക വർഗ സമുദായ സംഘടനകളുടെ കുട്ടായ്മയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ പ്രതിഷേധ സാഗരം ഡിസംബർ 10 ന്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമനിർമാണത്തിനും തിരക്കിട്ട നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നാണ് ആവശ്യമുയർത്തിയാണ് സമരം.
മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ "പ്രതിഷേധ സാഗരം" സംഘടിപ്പിക്കുമെന്ന് കോ-ഓർഡിനേറ്റർ എ. സനീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 27 പട്ടികജാതി-പട്ടിക വർഗ സമുദായ സംഘടനകളിലെ ഒരു ലക്ഷത്തിൽപ്പരം അംഗങ്ങൾ സമരത്തിൽ പങ്കെടുക്കും. പ്രതിഷേധ സാഗരത്തിന്റെ പ്രധാന സമരവേദിയായ രാജ്ഭവന് മുന്നിൽ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്യും.
സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും. വിവിധ പട്ടികജാതി-പട്ടിക വർഗ സംഘടനാ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയുള്ള നാല് കിലോമീറ്റർ ദൈർഘ്യത്തിൽ നടത്തുന്ന സമരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുമെന്ന് കോ-ഓർഡിനേറ്റർ പറഞ്ഞു.
സംയുക്ത സമിതി വൈസ് ചെയർമാൻ എം.ടി. സനേഷ്, ഡോ: കല്ലറ പ്രശാന്ത്, എൻ.കെ. അനിൽ കുമാർ, രതീഷ് പട്ടണക്കാട്, എസ്.ആർ. സുരേഷ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

