ആലപ്പുഴ ഗവ. ഡെന്‍റൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്ന് തലയിലും കാലിലും വീണു; അമ്മക്കും മകള്‍ക്കും പരിക്ക്
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്‍റൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണ് രോഗിക്കും മാതാവിനും പരിക്കേറ്റു. ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ് ഹരിത (29), മകള്‍ ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ഡെന്‍റൽ കോളജിലെ എക്സ്-റേ വിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. അഥിതിയുടെ പല്ലുകള്‍ പരിശോധിച്ച ശേഷം ഇരുവരും എക്സ്-റേ എടുക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജിപ്സം ബോര്‍ഡ് കൊണ്ട് നിര്‍മിച്ച സീലിങ്ങിന്‍റെ ഒരുഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. രണ്ട് അടി നീളവും വീതിയുമുള്ള ജിപ്സം ബോര്‍ഡ് എട്ടടിയോളം ഉയരത്തില്‍നിന്ന് പൊളിഞ്ഞ് ഹരിതയുടെ തലയിലും അഥിതിയുടെ കാലിലും വീഴുകയായിരുന്നു. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മുറിവുകള്‍ ഏറ്റില്ലെങ്കിലും തലക്ക് ക്ഷതമേറ്റിട്ടുണ്ട്. അഥിതിയുടെ കാലിന് പരിക്കുണ്ട്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
2019ൽ നിര്‍മാണം പൂര്‍ത്തിയാക്കിയ താഴത്തെ നിലയിലാണ് എക്സ്-റേ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഡെന്‍റൽ കൗണ്‍സിലിന്‍റെ പരിശോധനയില്‍ കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കെട്ടിടം ഉപയോഗിക്കാതെ കാടുകയറിക്കിടക്കുകയായിരുന്നു. കോളജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെയാണ് മുകളിലേക്ക് വീണ്ടും നിലകള്‍ പണിത് കെട്ടിടത്തിന്‍റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്. അടുത്തിടെയാണ് കോളജിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് താഴത്തെ നിലയിലെ സീലിങ്ങുകളും മറ്റും അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ചികിത്സതേടൽ ജീവന്‍ ഭയന്ന്
അമ്പലപ്പുഴ: പരിമിതിയില്‍നിന്നും വീര്‍പ്പുമുട്ടലില്‍നിന്നും അത്യാധുനിക സൗകര്യങ്ങളോടെ ഡെന്‍റൽ കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ ഭയന്നുവേണം രോഗികള്‍ ചികിത്സതേടാന്‍. 2014ലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വണ്ടാനത്ത് ഡെന്‍റൽ കോളജിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. തുടർന്ന് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ കോളജിന്‍റെ പ്രവർത്തനം ആരംഭിച്ചു. മൂന്ന് നിലകളുള്ള പുതിയ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും 2019ഓടെ ആദ്യനില മാത്രമാണ് പൂർത്തിയാക്കാനായത്.
ഒറ്റ നിലയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്‍റെ പേരിൽ കോളജിന്‍റെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചില്ല. തുടർന്നാണ് മറ്റ് രണ്ട് നിലകളുടെ നിർമാണം ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാൽ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ പലതവണ വൈകിപ്പിച്ചു. നിർമാണം പൂര്‍ത്തിയായ കെട്ടിടത്തിന്‍റെ അവസാന മിനുക്കുപണികൾ മാത്രം ബാക്കിയാക്കിയ കെട്ടിടം ആരും തിരിഞ്ഞുനോക്കാതെ കാടുകയറി കിടന്നു. ആദ്യനിലയിലെ ജനൽച്ചില്ലുകളും പൈപ്പുകളും സീലുങ്ങുകളും പലയിടങ്ങളിലും തകര്‍ന്നിരുന്നു.
3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി പൂര്‍ത്തിയാക്കിയ കെട്ടിടത്തിലാണ് ഡെന്‍റൽ ഒ.പി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് ക്ലാസ് മുറി, ക്ലിനിക്ക്, 50 പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുന്ന ഹാൾ, 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കായി പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ക്ലാസില്‍ 50 കുട്ടികള്‍ വീതം ആറു ബാച്ചുകളാണ് കോളജില്‍ ഉള്ളത്. കെട്ടിടത്തിന്‍റെ ഉള്‍ഭാഗത്തെ മനിക്കുപണിക്കായി ഉപയോഗിച്ചിട്ടുള്ള സാമഗ്രികള്‍ക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. സീലിങ് തകരാന്‍ ഇടയാക്കിയതും സാമഗ്രിയിലെ ഗുണനിലവാരക്കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

