Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ സ്ഥാനാർഥി...

സി.പി.ഐ സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറി; നാട്ടികയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി. മുകുന്ദൻ

text_fields
bookmark_border
C.C. Mukundan
cancel
camera_alt

സി.സി. മുകുന്ദൻ

അന്തിക്കാട് (തൃശൂർ): പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ സി.പി.ഐയുടെ സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറി. നിലവിലെ എം.എൽ.എ സി.സി. മുകുന്ദനെ തഴഞ്ഞ് മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിൽ രോഷാകുലനായ മുകുന്ദൻ പാർട്ടിയിൽനിന്ന് രാജിവെച്ചെന്ന് പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നറിയിച്ച് രംഗത്തിറങ്ങി.

ഗീതാ ഗോപിയെയും പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് രണ്ട് തവണ മാധ്യമപ്രവർത്തകരോട് അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ അഞ്ച് വർഷം നാട്ടികയിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ മുൻനിർത്തി വീണ്ടും മത്സരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം വരെ മുകുന്ദൻ കരുതിയിരുന്നത്. എന്നാൽ, ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതാണ് മുകുന്ദനെ ഞെട്ടിച്ചത്. സംസ്ഥാന സെക്രട്ടറിയടക്കമുള്ള സി.പി.ഐ നേതാക്കളാരും തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുകുന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ ബന്ധപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണക്കാമെന്നാണ് ഇരുവരും അറിയിച്ചത്. സാമ്പത്തികമുള്ളവരെ തെരഞ്ഞുപിടിച്ചാണ് പാർട്ടി മത്സരിപ്പിക്കുന്നതെന്ന് മുകുന്ദൻ ആരോപിച്ചു.

മകൾക്ക് വിവാഹ സമ്മാനമായി 225 പവൻ സ്വർണം നൽകിയവരെയാണ് പാർട്ടിക്ക് വേണ്ടത്. ഒരു തവണ മാത്രം മത്സരിപ്പിച്ച് വൻ ഭൂരിപക്ഷം നേടി എം.എൽ.എയായി നാളിതുവരെയായി കാണാത്ത വികസനം നടത്തിയ പാവപ്പെട്ട തന്നെ രണ്ടാമതും മത്സരിപ്പിക്കാൻ പാർട്ടി തയാറാകുന്നില്ല. നേതാക്കളായ രണ്ട് പേരാണ് സീറ്റ് നിഷേധിക്കാൻ കാരണമായത്. പാർട്ടി സമ്മേളനത്തിലും തന്നെ ഇവർ വെട്ടി. നവകേരള സദസ്സിലെ പദ്ധതി നടപ്പാക്കാത്തത് താൻ ചോദ്യം ചെയ്ത് വിമർശിച്ചതിന്റെ പേരിലാണ് തന്നെ ഒറ്റപ്പെടുത്തുന്നത്.

പാർട്ടി ചേർപ്പ്, നാട്ടിക മണ്ഡലം കമ്മിറ്റികളിൽ ചിലർ തന്നെ തേജോവധം ചെയ്യുകയാണ്. ജില്ല എക്സിക്യൂട്ടിവിലും ജില്ല കൗൺസിലിലും രണ്ട് നേതാക്കൾ തനിക്ക് നേരെ തിരിഞ്ഞു. ഇവരുടെ പേര് പിന്നീട് വെളിപ്പെടുത്തും. അടുത്ത ദിവസം എം.എൽ.എ സ്ഥാനവും രാജിവെക്കും. അതേസമയം, ബി.ജെ.പിയിലേക്ക് താൻ പോകുകയോ ഇവരുടെ സ്ഥാനാർഥിയാകുകയോ ചെയ്യില്ല. നാട്ടികയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചാൽ താൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെ 125 ബൂത്തുകളിലെയും ജനങ്ങളോട് ബോധ്യപ്പെടുത്തുമെന്നും മുകുന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ എം.എൽ.എ ഓഫിസിൽ കണ്ടശേഷം മുകുന്ദൻ അടച്ചിട്ട മുറിയിൽ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരും കോൺഗ്രസ് നേതാവ് ശോഭ സുബിനുമായും ചർച്ച നടത്തി.

പാർട്ടി നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ചർച്ച നടത്തിയതെന്ന് ജോസ് വള്ളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.ഡി.എഫിലെ ജീർണതയുടെ പ്രകടമായ അടയാളമാണ് മുകുന്ദനെ തഴഞ്ഞതിലൂടെ കണ്ടതെന്ന് ജോസ് വള്ളൂർ കുറ്റപ്പെടുത്തി.

വികസനമുരടിപ്പ് പറഞ്ഞാണ് സീറ്റ് നിഷേധിച്ചത്. നാട്ടികയുടെ വികസനത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാം തവണ മത്സരിപ്പിക്കാതെ മാറ്റിനിർത്തുകയായിരുന്നു. തൊഴിലാളിയും ചോർന്നൊലിക്കുന്ന വീട്ടിൽ പാവപ്പെട്ടവനായി കഴിയുന്നതുകൊണ്ടാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം, മുകന്ദൻ സ്വന്തന്ത്രനായി വന്നാൽ യു.ഡി.എഫ് പിന്തുണക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് ജോസ് വള്ളൂർ പറഞ്ഞു.

ആരോപണം തള്ളി സി.പി.ഐ ജില്ല സെക്രട്ടറി

നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ. നാട്ടിക മുൻ എം.എൽ.എ ഗീതാഗോപിക്കെതിരെ ഒരു സാമ്പത്തിക ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജില്ല കമ്മിറ്റി അംഗമായ അവർ മത്സരിക്കുന്നത് എങ്ങനെ പേയ്മെന്റ് സീറ്റാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. സ്ഥാനാർഥിത്വത്തിൽ വ്യക്തിത്വം ഒരു ഘടകമാണെങ്കിലും നയങ്ങൾക്കാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുകുന്ദൻ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിയാകാൻ അർഹതയുള്ളവരും യോഗ്യരുമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം സ്ഥാനാർഥികളെ തീരുമാനിച്ചത്.

അതേസമയം, മുകുന്ദന്റെ വാക്കുകൾ ഗൗരവമായാണ് പാർട്ടി കാണുന്നത്. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കും. മുകുന്ദൻ മണ്ഡലം കമ്മിറ്റിയിൽനിന്ന് രാജിവെച്ചെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മുകുന്ദൻ യു.ഡി.എഫ് പിന്തുണക്കുന്ന സ്ഥാനാർഥിയാകുമോയെന്ന് അവരുടെ നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. മുകുന്ദനെ യു.ഡി.എഫ് നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്നും അറിയണം -ശിവാനന്ദൻ പറഞ്ഞു.

അതേസമയം, നാട്ടികയിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ സി.സി. മുകുന്ദന്റെ പേരാണ് നൽകിയിരുന്നത്. മണ്ഡലം കമ്മിറ്റിയുടെ പാനലിൽ മുകുന്ദനും ഗീതാഗോപിയും ഉൾപ്പെട്ടിരുന്നു. പുറമെ എ.കെ. അനിൽകുമാർ, കെ.എ. പ്രദീപ് എന്നിവരും. സംസ്ഥാന നേതൃത്വമാണ് വനിത സ്ഥാനാർഥിയെന്ന പരിഗണന കൂടി നൽകി ഗീതാഗോപിയെ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidate listCPI CandidateCC MukundanAssembly elections
News Summary - C.C. Mukundan says he will contest with UDF support in the Assembly elections
Next Story