മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ. അഴിമതി നിരോധനവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുന്നത്. കൊല്ലത്തെ എട്ട് കോടി വില വരുന്ന ഷോപ്പിങ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയിലാണ് അന്വേഷണം. 2015ൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ചായിരുന്നു പരാതി.
എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യവും ഉണ്ട്. എന്നാൽ ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം. മാത്രമല്ല, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട പ്രകാരം വർഷം തോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റും നൽകിയിട്ടില്ല.
നേരത്തേ വിജിലൻസ് സ്വത്ത്‍വിവരത്തിൽ അന്വേഷണം നടത്തിയിരുന്നില്ല.
എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണം നടത്താൻ ഹൈകോടതി അനുമതി നൽകിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് സി.ബി.ഐക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കൊച്ചിയിലെ സി.ബി.ഐ എസ്.പി വിജിലൻസ് ഡയറക്ടർസ്സ് രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകുകയുമുണ്ടായി. എന്നാൽ വിജിലൻസ് ഇതിന് മറുപടി നൽകിയില്ല. തുടർന്ന് കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലിനെ കൊച്ചിയിലെ സി.ബി.ഐ ഓഫിസിൽ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നു. അതിനു ശേഷമാണ് ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

