Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പനോടുള്ള...

അയ്യപ്പനോടുള്ള കപടഭക്തി തലക്കുപിടിച്ച പിണറായി പ്രതികരിക്കുന്നില്ല; സ്വർണപ്പാളി വിവാദം ഹൈകോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

ആലുവ: ശബരിമലയില്‍ 1998ല്‍ യു.ബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 40 വര്‍ഷം വാറന്റിയുള്ള സ്വര്‍ണപാളികള്‍ ഉള്‍പ്പെടെയുള്ളവ 2019ല്‍ ശബരിമലയില്‍ നിന്നും കൊണ്ടു പോയിട്ട് നാല്‍പതോളം ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിച്ചത്. ഇക്കാര്യം ഹൈകോടതി വിധിയിലുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സാധനങ്ങള്‍ നാല്‍പതോളം ദിവസം എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വര്‍ണം അടിച്ചു മാറ്റുന്നതിനു വേണ്ടിയുള്ള പ്രക്രിയയില്‍ ആയിരുന്നോ? അതോ പല സ്ഥലങ്ങളിലും കൊണ്ടു പോയി പൂജ നടത്താനുള്ള തത്രപ്പാടിലായിരുന്നോ? ശബരിമലയിലെ പവിത്രമായ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ 40 ദിവസം എടുത്തെന്ന ഹൈകോടതി വിധിയിലെ പരാമര്‍ശം ദുരൂഹത വ്യക്തമാക്കുന്നതാണ്. ചെമ്പ് പാളി മാത്രമാണ് ചെന്നൈയില്‍ എത്തിച്ചതെന്നാണ് ഏജന്‍സി പറയുന്നത്. സ്വര്‍ണം ഇവിടെ നിന്നു തന്നെ അടിച്ചു മാറ്റിയ ശേഷം ചെമ്പുപാളിയാണ് ചെന്നൈയില്‍ എത്തിച്ചതെന്നു വ്യക്തമാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് പ്രതിപക്ഷം നിരന്തരം ചോദിച്ചിട്ടും മറുപടിയില്ല. സ്‌പോണ്‍സറാണെന്നാണ് പറയുന്നത്. 2019ല്‍ സ്വര്‍ണപാളി കൊണ്ടു പോയതില്‍ ക്രമക്കേടുണ്ടെന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്നും ദേവസ്വം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂടിവച്ചു. ഇടനിലക്കാരനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും സ്വര്‍ണത്തിന്റെ വിഹിതം ഇവര്‍ക്കെല്ലാം കിട്ടിയിട്ടുണ്ടെന്നുമാണ് ഇതിന്റെ അർഥം. അന്ന് ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലും ഉണ്ടായിരുന്നവര്‍ അടിച്ച മാറ്റിയ സ്വര്‍ണത്തിന്റെ പങ്കുപ്പറ്റി. അതുകൊണ്ടാണ് സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് അറിഞ്ഞിട്ടും മൂടിവച്ചത്. 2019ല്‍ കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് വ്യക്തമായിട്ടും എന്തിനാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് അതേ ആളെ വിളിച്ചുവരുത്തി വീണ്ടും ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടത്? 2019ല്‍ പൂശിയത് 2025ല്‍ വീണ്ടും എന്തിനാണ് പൂശുന്നത്? ഇതിനൊന്നും മറുപടിയില്ല.

സ്‌പോണ്‍സര്‍ ആയതുകൊണ്ടാണ് വിളിച്ചതെന്നാണ് ദേവസ്വം പ്രസിഡന്റ് പറയുന്നത്. കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായിട്ടെന്ന് ദേവസ്വം കണ്ടെത്തിയ സാഹചര്യത്തിലും അതിന് ഉത്തരവാദിയായ സ്‌പോണ്‍സറെ തന്നെ ദേവസ്വം ക്ഷണിച്ചു വരുത്തി. വാറന്റിയുള്ള കാര്യത്തില്‍ മാത്രമല്ല, മൊത്തം കാര്യങ്ങള്‍ക്കു വേണ്ടിയാണ് അയാളെ ക്ഷണിച്ചത്. സ്വര്‍ണം അടിച്ചു മാറ്റിയെന്നത് രഹസ്യമാക്കി ഒളിച്ചുവച്ച അതേ സംഘം അയാളെ തന്നെ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണം പൂശാന്‍ ദ്വാരപാലക ശില്‍പ പാളികള്‍ നല്‍കിയെന്നത് ഗുരുതരമായ കുറ്റമാണ്. ഉത്തരവാദികളായ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റും അടിയന്തരമായി രാജിവെക്കണം. നിലവിലെ ദേവസ്വം മന്ത്രിക്കും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും എതിരെ കേസെടുക്കണം. സ്വര്‍ണം കാണാതായതിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണത്തിന് തയാറായില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും.

സ്വര്‍ണത്തില്‍ കുറവ് വരുത്തിയെന്ന രേഖ ദേവസ്വം ബോര്‍ഡിലുണ്ട്. പക്ഷെ അത് മൂടിവച്ചു. സ്വര്‍ണം എവിടെ പോയി എന്നതാണ് ചോദ്യം. ഗുരുതരമായ കുറ്റകൃത്യം ചെയ്‌തെന്ന് കണ്ടെത്തിയിട്ടും ആരെയും അറിയിക്കാതെ മൂടിവച്ചു. എന്നിട്ട് അതേ ആളെ തന്നെ വീണ്ടും ക്ഷണിച്ചതിന് കാരണം ദേവസ്വം ബോര്‍ഡിനെ പ്രധാനസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അതിന്റെ വിഹിതം കിട്ടിയതു കൊണ്ടാണ്. കൂട്ടുകച്ചവടമാണ് നടന്നത്. എന്തിനാണ് സ്വര്‍ണത്തില്‍ കുറവ് വന്നത് മൂടിവച്ചത്? എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തത്? സ്വര്‍ണം കട്ടെടുത്തയാളെ എന്തിനാണ് ക്ഷണിച്ചു വരുത്തിയത്? ഈ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.

ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് കുറ്റക്കാരനാണെങ്കില്‍ 2019ല്‍ സ്വര്‍ണത്തില്‍ കുറവ് വന്നെന്ന് കണ്ടപ്പോള്‍ അയാള്‍ക്കെതിരെ കേസെടുക്കാതിരുന്നത് കൂട്ടുകച്ചവടമായതു കൊണ്ടാണ്. ഇനിയും കച്ചവടം നടത്താമെന്നാണ് കരുതിയത്. പുറത്തു വന്നില്ലായിരുന്നെങ്കില്‍ ഇനിയും ഒരുപാട് സാധനങ്ങള്‍ അവിടെ നിന്നും പോയേനെ. അയ്യപ്പ വിഗ്രഹം അടിച്ചു മാറ്റാത്തതില്‍ സര്‍ക്കാരിനോടും ദേവസ്വത്തോടും നന്ദി പറയുന്നു. കുറച്ചു സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അയ്യപ്പനെയും ഇവര്‍ അടിച്ചുകൊണ്ടു പോയേനെ. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതില്‍ പങ്കാളികളാണ്. അയ്യപ്പനോടുള്ള കപട ഭക്തി മുർധന്യത്തില്‍ നിക്കുമ്പോഴും പിണറായി വിജയന് ഒരു പ്രതികരണവുമില്ല.

ഗുരുതരമായ കുറ്റകൃത്യത്തെ ലഘൂകരിക്കാനാണ് പഴയകാലത്തെ കുറിച്ച് പറയുന്നത്. ഒന്‍പതര കൊല്ലമായിട്ടും അത് അന്വേഷിക്കാതിരുന്നത് ഞങ്ങളുടെ കുറ്റമാണോ? അന്വേഷണത്തിന് ഞങ്ങള്‍ ആരും എതിര് പറഞ്ഞിട്ടില്ല. ഇപ്പോള്‍ അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുകയാണ്. കോടിക്കണക്കിന് ഭക്തരുടെ മനസിലാണ് ഇത് പ്രയാസമുണ്ടാക്കിയത്. സ്‌പോണ്‍സര്‍മാര്‍ കോടിക്കണക്കിന് രൂപ ഭക്തരില്‍ നിന്നും സമാഹരിച്ച് അതില്‍ ഒരംശം മാത്രമാണ് ശബരിമലയില്‍ നല്‍കുന്നത്. ആ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാളികേര കരാറും പുഷ്പത്തിനുള്ള കരാറും റദ്ദാക്കിക്കൊണ്ട് ഹൈകോടതി സെപ്തംബര്‍ 29ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. സുതാര്യമല്ലാതെയാണ് കരാര്‍ അനുവദിച്ചതെന്നാണ് കോടതി കണ്ടെത്തിയത്. കള്ളക്കച്ചവടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്ന് രാജിവെക്കേണ്ടതായിരുന്നു. സമഗ്രം എന്ന് പറയുന്നത് ഇപ്പോഴത്തെ വിഷയങ്ങള്‍ ലഘൂകരിക്കാനാണ്. ഇപ്പോഴുണ്ടായ വിഷയത്തില്‍ ക്രിമനില്‍ നടപടിക്രമം അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യണം. ബന്ധപ്പെട്ടവര്‍ രാജിവയ്ക്കണം. എന്നിട്ട് വിശാലമായോ സമഗ്രമായോ ശബരിമല ഉണ്ടായകാലം മുതല്‍ക്കോ അന്വേഷണം നടത്തിക്കോ.

അയ്യപ്പ ഭക്തര്‍ കൊടുത്ത സ്വര്‍ണമാണ് കൊള്ളയടിച്ചത്. ഹൈകോടതി വിധിയിലും അത് വ്യക്തമാണ്. ദ്വാരപാലക ശില്‍പവും പീഠവുമൊക്കെ എവിടെയായിരുന്നു? ദേവസ്വം ജീവനക്കാര്‍ അനുഗമിച്ചെങ്കില്‍ പീഠം എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് പോയത്? ഹൈകോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കേണ്ടത്. സൂക്ഷ്മമായ നിരീക്ഷണം നടത്തിയ ഹൈകോടതിയെ അഭിനന്ദിക്കുന്നു. ഹൈകോടതിയുടെ നിരീക്ഷണത്തില്‍ തന്നെ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ. അഞ്ച് കിലോ അല്ലാതെ യു.ബി ഗ്രൂപ്പ് നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് അന്ന് നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് ചോദിച്ചത്. ചെമ്പില്‍ പൂശിയിരിക്കുന്ന സ്വര്‍ണം എപ്പോള്‍ വേണമെങ്കില്‍ അടിച്ചുമാറ്റാവുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

പൂശാന്‍ കൊണ്ടു പോയ സാധനങ്ങള്‍ നടന്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തി അദ്ദേഹത്തെയും പറ്റിച്ചു. ഇത്തരത്തില്‍ എത്ര പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നു? ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും കവര്‍ച്ചയുടെ പങ്ക് പറ്റിയിട്ട് എല്ലാത്തിനും കൂട്ടു നില്‍ക്കുകയായിരുന്നു. കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതിയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായാല്‍ അതേക്കുറിച്ചും ആലോചിക്കും.

ആര്‍ക്കും ആരുടെ കൂടെയും പടമെടുക്കാം. സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാനാകില്ല. സത്യത്തെ തമസ്‌ക്കരിച്ച് അസത്യം കുടിലല്ല കൊട്ടാരം കെട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ താമസിക്കുന്നത്. ആര്‍ക്ക് ആരെ വേണമെങ്കിലും തെറ്റിദ്ധരിപ്പിക്കാം. പടം എടുത്തിട്ടുണ്ടെങ്കില്‍ തന്നെ സോണിയ ഗാന്ധിക്ക് ഇതില്‍ എന്താണ് കാര്യം? അയാള്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSabarimalaVD SatheesanLatest NewsSabarimala Gold Missing Row
News Summary - CBI should investigate the sabarimala gold missing row under the supervision of the High Court
Next Story