ശബരിമലയിലെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അഭിഭാഷകൻ
text_fieldsകോട്ടയം: ശബരിമലയിലെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് അഭിഭാഷകൻ. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.
നിലവിൽ വിഷയത്തിൽ അന്വേഷണം നടത്തുന്ന കേരള പൊലീസ് സംഘത്തിന് മേൽ സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും പല തരത്തിലുള്ള സ്വാധീനങ്ങൾ ചെലുത്തുമെന്ന ആക്ഷേപമുണ്ട്. രാജ്യത്തെ അയ്യപ്പ ഭക്തന്മാരും പൊതു സമൂഹവും സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ നീതിപൂർണമായ അന്വേഷണമാണ് ആഗ്രഹിക്കുന്നത്. അതിനാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് പ്രധാനമന്ത്രി തുടർ നടപടി സ്വീകരിക്കണമെന്നാണ് കുളത്തൂർ ജയ്‌സിങ് കത്തിൽ ആവശ്യപ്പെടുന്നത്.
ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയപ്പോൾ മഹസ്സറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറുമായ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അന്നത്തെ തിരുവാഭരണ കമീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടിവ് ഓഫിസര്‍ സുധീഷ് എന്നിവരാണ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റ് രണ്ടുപേർ. ഇവർ രണ്ട് പേരും സര്‍വിസിൽനിന്നും വിരമിച്ചു.
ദ്വാരപാലക ശിൽപം അറ്റകുറ്റപ്പണിക്കായി 2025ലും സ്പോൺസറായ ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബുവായിരുന്നു. ഇതിലും ഇദ്ദേഹത്തിന് വീഴ്ചയുണ്ടായെന്ന് ചൊവ്വാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക യോഗം വിലയിരുത്തി. പാളികൾ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള വാറന്‍റി റദ്ദാക്കാനും പകരം അറ്റകുറ്റ പണികൾ ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്ക് ദേവസ്വം ഡെപ്യൂട്ടി കമീഷണറെ യോഗം ചുമതലപ്പെടുത്തി.
ദേവസ്വം വിജിലൻസ് എസ്.പി വെള്ളിയാഴ്ച സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യം തടഞ്ഞുവെക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

