ഉമ്മൻ ചാണ്ടിയെയും നേതാക്കളെയും കുടുക്കിയതിൽ സി.പി.എം ഗൂഢാലോചനയെന്ന് സി.ബി.ഐ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സോളാറിൽ രാഷ്ട്രീയപ്പോര് ശക്തമാകുന്നതിനിടെ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കുടുക്കിയതിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് സി.ബി.ഐ റിപ്പോർട്ട്. സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണ് ദല്ലാൾ നന്ദകുമാർ കേസിൽ ഇടപെട്ടതെന്നും പരാതിക്കാരിക്ക് 50 ലക്ഷം നൽകി കോൺഗ്രസ് നേതാക്കളുടെ പേരുകൾ എഴുതി വാങ്ങുന്നതിന് നന്ദകുമാറിനുമേൽ സമ്മർദമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫ് നേതാക്കളുടെ സഹായത്തോടെയാണ് 19 പേജുള്ള കത്ത് ഏഷ്യാനെറ്റിന്റെ കൊച്ചി റിപ്പോർട്ടർ വഴി സംപ്രേക്ഷണം ചെയ്തത്. നന്ദകുമാറിന്റെ നിർദേശപ്രകാരമാണ് പരാതിക്കാരി പീഡന പരാതി പൊലീസിനും സി.ബി.ഐക്കും നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
1997ലാണ് ചെങ്ങന്നൂർ സ്വദേശിയായ പ്രവാസിയെ പരാതിക്കാരി വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. 2005ൽ ബന്ധം പിരിഞ്ഞു. 2003ൽ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജറായി ജോലിക്ക് കയറിയ ഇവർ പിന്നീട് ബിജു രാധാകൃഷ്ണനുമായി ചങ്ങാത്തത്തിലായി. 2007ൽ ബിജുവുമായി ചേർന്ന് കമ്പനിയുണ്ടാക്കി. ഇതിനിടെ ഗണേഷ് കുമാറുമായി പരിചയത്തിലായി. ഈ ബന്ധത്തിൽ പരാതിക്കാരി ഗർഭിണിയായി. ഗണേഷിന്റെ മാതാവ് നൽകിയ ഉറപ്പിൽ ഗർഭം മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു.
2010 ജനുവരി 10ന് കമ്പനിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയും ബിജു രാധാകൃഷ്ണനെയും കരമന പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര വനിത ജയിലിൽവെച്ച് പരാതിക്കാരി രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകി. 2010ൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം 2011ൽ ബിജു രാധാകൃഷ്ണനുമായി ചേർന്ന് ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് (പി) ലിമിറ്റഡ് എന്ന പേരിൽ എറണാകുളത്ത് കമ്പനിയുണ്ടാക്കി. 2011 മേയ് 18ന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതോടെ കമ്പനി വിപുലീകരിക്കാൻ തീരുമാനിച്ചു.
തൃപ്പൂണിത്തുറയിലെ കമ്പനിയുടെ ഫ്രാഞ്ചൈസി ഉദ്ഘാടനത്തിന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്കുമാറിനെ ക്ഷണിച്ചു. ഈ കൂടിക്കാഴ്ച വീണ്ടും ഇരുവരും തമ്മിലെ അടുപ്പത്തിന് വഴിവെച്ചു. 2011 ജൂലൈ 30ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പരാതിക്കാരി സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി കണ്ടു. ഇതിന് സഹായം നൽകിയത് ഗണേഷ്കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാറായിരുന്നു.
പത്തനംതിട്ട സബ് ജയിലിൽവെച്ച് 21 പേജുള്ള കത്താണ് പരാതിക്കാരി എഴുതിയത്. ഇതിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. തന്റെ പേരുണ്ടാകുമെന്ന് ഗണേഷ്കുമാർ ഭയന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനി ബാലകൃഷ്ണന്റെയും പ്രദീപ് കോട്ടാത്തലയുടെയും സഹായത്തോടെ കത്ത് കൈക്കലാക്കിയത്.
കത്ത് ശരണ്യ മനോജിനോട് സൂക്ഷിക്കാൻ ആർ. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പിന്നീട് നന്ദകുമാർ ആവശ്യപ്പെട്ടതുപ്രകാരം പരാതിക്കാരി കത്ത് ശരണ്യ മനോജിൽനിന്ന് വാങ്ങിയെന്നും സി.ബി.ഐയുടെ റിപ്പോർട്ടിലുണ്ട്. സി.ബി.ഐ റിപ്പോർട്ട് സി.പി.എമ്മിനെയും ഗണേഷ്കുമാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

